തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഏറെ തർക്കം നിലനിൽക്കുന്ന ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം നാളെ നടക്കും. ആരെ സ്ഥാനാർത്ഥിയാക്കിയാലും അടിപൊട്ടാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ് ഇവ. ഇവിടത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക ഹൈക്കമാൻഡാകും. നാളെയാകും പ്രഖ്യാപനം എന്നാണ് പുറത്തുവരുന്ന വിവരം.

തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുന്നത്. വട്ടിയൂർക്കാവിൽ കരുത്തനായ സ്ഥാനാർത്ഥിയാകും എത്തുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ പി സി വിഷ്ണുനാഥിനാണ് ഇവിടെ കൂടുതൽ സാധ്യതയുള്ളത്. കൽപ്പറ്റയിൽ ടി സിദ്ദിഖ് ആകും മത്സരിക്കുക. കത്തോലിക്കാ സഭയുടെ പിന്തുണ തേടി സിദ്ദിഖ് തന്നെ അരമനയിൽ സന്ദർശനം നടത്തുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം വീണ്ടും കൽപ്പറ്റയിൽ മത്സരിക്കാൻ സാധ്യത കൂടിയത്.

കുണ്ടറയിൽ കല്ലട രമേശ്, പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്ത്, തവനൂർ നിയാസ് മുക്കോളി, നിലമ്പൂർ വി വി പ്രകാശ് എന്നിങ്ങനെയാണ് നേതൃത്വം പരിഗണിക്കുന്ന പേരുകൾ. കേൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ 86 ഇടങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് നടത്തിയത്. കൊല്ലത്ത് വിഷ്ണുനാഥിന്റെ പേര് നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും പ്രതിഷേധങ്ങൾ കണക്കിലെടുത്തുകൊല്ലം ഡിസിസി ബിന്ദു കൃഷ്ണയ്ക്ക് തന്നെയാണ് ഇത്തവണയും പാർട്ടി അവസരം നൽകിയത്.

യുഡിഎഫ് മണ്ഡലമെന്ന നിലയിലായിരുന്നു വട്ടിയൂർക്കാവ് രാഷ്ട്രീയ കേരളത്തിൽ അറിയപ്പെട്ടിരുന്നത്. 2016ൽ മണ്ഡലത്തിൽ വിജയിച്ച് എംഎൽഎയായ കെ മുരളീധരൻ വടകര ലോക്സഭ എംപിയായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്നു. ഈ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അട്ടിമറിച്ച് അന്നത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരുന്ന വികെ പ്രശാന്ത് എൽഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലം തിരികെ പിടിക്കാൻ പിസി വിഷ്ണുനാഥിനെയാണോ കോൺഗ്രസ് തട്ടകത്തിലേക്കിറക്കുന്നതെന്ന് കണ്ടറിയണം. മണ്ഡലത്തിൽ നിന്നുള്ള ആളെ സ്ഥാനാർത്ഥിയായി കണ്ടെത്തണം എന്ന ആവശ്യം ശക്തമാണ്. പ്രദേശിക നേതാവ് സുദർശന്റെ പേരാണ് മണ്ഡലം കമ്മറ്റി മുന്നോട്ടുവെക്കുന്നത്.

അതേസമയം വടകരയിൽ ആർഎംപി മത്സരിക്കുമോ എന്ന കാര്യത്തിലും ഇനി വ്യക്തത കൈവരാനുണ്ട്. മത്സരിക്കാൻ ഇല്ലെന്നാണ് കെ കെ രമ വ്യക്തമാക്കിയത്. വേണുവിനെ സ്ഥാനാർത്ഥിയാക്കാമെന്ന് ആർഎംപി തീരുമാനം എടുത്തെങ്കിലും കോൺഗ്രസ് അതിന് വഴങ്ങുമോ എന്ന് കണ്ടറിയണം. ഇതോടെ കോൺഗ്രസ് സീറ്റ് വീണ്ടും ഏറ്റെടുത്തേക്കും. വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരിഗണിച്ചാൽ ഇവിടേക്ക് വട്ടിയൂർക്കാവിൽ പരിഗണിച്ച കെ പി അനിൽകുമാറിനും സാധ്യതയുണ്ട്. അതേസമയം ധർമ്മടത്ത് പിണറായിക്കെതിരെ കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് അവിടെ രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യവും ശക്തമാണ്.

അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെസി ജോസഫ് രംഗത്തെത്തി. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്നും അല്ലാത്തപക്ഷം ഇരിക്കൂറിലെ നിരവധി ഭാരവാഹികൾ പാർട്ടിയിൽ നിന്നും രാജിവയ്ക്കുമെന്നും കെസി ജോസഫ് പറഞ്ഞു. അതേസമയം പത്തനംതിട്ടയിലും കണ്ണൂരിലും പ്രതിഷേധം ആളിക്കത്തി. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പി മോഹൻരാജ് പാർട്ടി വിട്ടു.

ഇതിനിടെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് പ്രതിഷേധം അറിയിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്.

'32 വർഷമായി കേരളത്തിൽ പ്രവർത്തിച്ച ഒരു പൊതു പ്രവർത്തക എന്ന നിലയിൽ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോൺഗ്രസ് പാർട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാൻ വേറൊരു പാർട്ടിയിലും പോവില്ല. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല', അവർ വ്യക്തമാക്കി.

പാർട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോൺഗ്രസ് പരിഗണിച്ചതേ ഇല്ല. ഒരു ജില്ലയിൽ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർക്ക് സീറ്റ് കിട്ടിയതിൽ സന്തോഷിക്കുന്നെന്നും അവർ പറഞ്ഞു. ഏറ്റുമാനൂർ സീറ്റ് താൻ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതൽ ഈ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന ആളാണ് താൻ. ഇപ്പോൾ എംഎൽഎമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും താൻ തഴയപ്പെടുകയാണെന്നും അവർ പറഞ്ഞു.