തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റൽ കുടുംബശ്രീ ഹോട്ടൽ ജീവനക്കാരനെ മർദിച്ചെന്ന കേസിൽ പി. സി. ജോർജ് എം എൽ എക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതി ജാമ്യം അനുവദിച്ചു. ഇരുപതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. 2018 ൽ ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ 2020 ൽ നീക്കം ചെയ്ത സാഹചര്യത്തിലാണ് പി. സി. സ്വമേധയാ ഹാജരായി ജാമ്യമെടുത്തത്.

2017 ൽ തലസ്ഥാനത്തെ പാളയം എം എൽ എ ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡയബറ്റിക് രോഗിയായ ജോർജിന് ഉച്ചഭക്ഷണം വൈകിയെത്തിച്ചതിന് ക്യാന്റീൻ ജീവനക്കാരനായ മനുവിനെ അസഭ്യം വിളിക്കുകയും കൈ കൊണ്ടടിക്കുകയും ചെയ്തുവെന്നാണ് കേസ്.

പി.സി. ജോർജ് , അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് തോമസ് ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ. അതേ സമയം നേരത്തേ ഭക്ഷണം ഓർഡർ ചെയ്തിട്ടും ഡയബറ്റിക് പേഷ്യന്റായ ജോർജിന് ഭക്ഷണം വൈകിച്ചത് ചോദിച്ചപ്പോൾ മനു '' തനിക്ക് ഇവിടെ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കൊടുക്കാനുണ്ടെന്ന് മോശമായി പെരുമാറി മനു പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. മനുവിനെ മർദ്ദിച്ചിട്ടില്ലെന്നും മാണി ഗ്രൂപ്പിലെ രാഷ്ട്രീയ എതിരാളികൾ തന്നോടുള്ള വ്യക്തി വിരോധം തീർക്കാൻ മനുവിനെ കരുവാക്കി കളവായി കേസ് ഫയൽ ചെയ്യിക്കുകയായിരുന്നുവെന്ന് പി.സി.ജോർജ് പ്രതികരിച്ചു.

2017 മെയ് 16 നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 294 ബി ( പൊതു സ്ഥലത്തോ സമീപത്തോ വച്ച് അസഭ്യം വിളിക്കൽ) , 323 ( സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ) , 34 (പൊതു ഉദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.