കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റു കിട്ടിയില്ലെങ്കിൽ മുന്നണി ബന്ധം വിച്ഛേദിക്കുമെന്ന നിലപാടിലാണ് മാണി സി കാപ്പൻ എംഎൽഎ. ഇക്കാര്യം നേരിട്ടു പറഞ്ഞില്ലെങ്കിലും പലപ്രാവശ്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഇടഞ്ഞു നിൽക്കുന്ന കാപ്പനെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ യുഡിഎഫും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കയാണ് പി ജെ ജോസഫ്.

നിയമസഭാതെരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനാകുമെന്ന് ജോസഫ് പ്രഖ്യാപിച്ചു. എൻസിപിയായി തന്നെ മത്സരിക്കും. പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തൊടുപുഴ നഗരസഭ ഭരണം ഒരു വർഷത്തിനുള്ളിൽ തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാൻ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനൽകണമെന്ന് എൽഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് പലഘട്ടങ്ങളിലായി മാണി സി കാപ്പൻ അറിയിച്ചിരുന്നത്.

ഇതിന് പിന്നാലെ കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സിപിഐഎം വിട്ടുവീഴ്‌ച്ച ചെയ്യാൻ തയ്യാറല്ലാത്തതിനാൽ എൻസിപി ഔദ്യോഗിക നേതൃത്വത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനെ കൂടെ നിർത്താനാണ് പാർട്ടി ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായി ഇവർ പീതാംബരൻ മാസ്റ്ററുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മാണി സി കാപ്പനടക്കം നാല് പേരാണ് പീതാംബരനുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. തദ്ദേശ തെരഞ്ഞെടപ്പിൽ പാർട്ടിയെ പലസ്ഥലങ്ങളിലും സിപിഐഎം കാലുവാരിയെന്നും ഇവർ ചർച്ചയിൽ ഉന്നയിച്ചു. ഇനി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നീക്കങ്ങൾ.

അതേസമയം എൽഡിഎഫ് വിടാൻ എൻസിപി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്ജ് പ്രതികരിച്ചു. പീതാംബരൻ മാസ്റ്റർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ മുന്നണി വിട്ട് യുഡിഎഫിൽ പോകാൻ ധാരണയായിട്ടുണ്ട്. ദേശീയ തലത്തിൽ ശരദ് പവാർ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാൽ, ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും ജോർജ്ജ് പഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടഞ്ഞ് നിൽക്കുകയാണ്. ജോസ് കെ മാണി ഇടത് മുന്നണിയിൽ വന്നതോടെ പാലാ സീറ്റിൽ അവകാശവാദവുമായി അവർ രംഗത്തെത്തിയിരുന്നു. എന്നാൽ പാലാ വിട്ടൊരു കളിക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. പാലാ സീറ്റ് നൽകി മാണി സി കാപ്പനെ ഇടത് പാളയത്തിൽ നിന്ന് തങ്ങളുടെ ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.