തിരുവനന്തപുരം: സത്സംഗ് ഫൗണ്ടേഷൻ സാരഥി ശ്രീ എമ്മിന് നാല് ഏക്കർ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്. കണ്ണൂരിലെ സിപിഎം-ആർഎസ്എസ് ചർച്ചയ്ക്ക് മധ്യസ്ഥനായി പ്രവർത്തിച്ചതിന്റെ പ്രതിഫലമായാണ് ശ്രീ എമ്മിന്റെ സ്ഥാപനത്തിന് ഭൂമി അനുവദിച്ചത് എന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിപക്ഷമായ കോൺഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള മുതിർന്ന നേതാക്കളെ കൂടാതെ വി.ടി.ബൽറാം എംഎൽഎയും ശക്തമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ശ്രീ എമ്മിനെ ആൾദൈവമെന്നും ആർഎസ്എസ് സഹയാത്രികനെന്നും ബൽറാം വിശേഷിപ്പിച്ചിരുന്നു. ബൽറാമിനെയും കോൺ്ഗ്രസ് നിലപാടിനെയും തള്ളി പി.ജെ.കുര്യൻ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസം.

ശ്രീ എമ്മിനെ ആൾദൈവമെന്നും ആർഎസ്എസ് സഹയാത്രികനെന്നും ബൽറാം വിശേഷിപ്പിച്ചത് അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പി.ജെ.കുര്യൻ ഫേസ്‌ബുക്കിൽകുറിച്ചു. തനിക്ക് ശ്രീ എം-നെ നല്ല പരിചയമുണ്ടെന്നും അദ്ദേഹം ആർഎസ്എസും ആൾദൈവവുമല്ലെന്നുമാണ് കുര്യൻ പറയുന്നത്. ബൽറാം മറ്റുള്ളവരെ വിധിക്കുന്നതിൽ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമർശങ്ങൾ ബൽറാം തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. താൻ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ തനിക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായേക്കാമെന്നും താനത് ഗൗനിക്കുന്നില്ലെന്നും പി.ജെ.കുര്യൻ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശ്രീ.എം നെ ക്കുറിച്ച്

സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം ന് യോഗ സെന്റർ തുടങ്ങാൻ സ്ഥലം അനുവദിച്ചതിന് വിമർശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബൽറാം MLA യുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്‌സ് ആപ്പിൽ തന്നത് വായിച്ചു. സർക്കാർ ഭൂമി നൽകിയതിനെ വിമർശിക്കുവാൻ ശ്രീ.ബൽറാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ശ്രീഎം-നെ 'ആൾ ദൈവമെന്നും 'RSS സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവർക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

എനിക്ക് ശ്രീ.എം -മായി നല്ല പരിചയമുണ്ട്. ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാൻ പല പ്രാവശ്യം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയിൽ ഞാൻ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആൾ ദൈവവുമല്ല RSS ഉം അല്ല.

എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദർശനങ്ങളിൽ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാൾ RSS ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാൾ ആൾ ദൈവം ആകുമോ?.

ഒരു MLA ആയ ശ്രീ.ബൽറാം മറ്റുള്ളവരെ വിധിക്കുന്നതിൽ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമർശങ്ങൾ ബൽറാം തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാൻ ആവശ്യമാണ്.
ഞാൻ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൗനിക്കുന്നില്ല.