തിരുവല്ല: അഭ്യൂഹങ്ങൾ ഒരു പാടായിരുന്നു. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ തിരുവല്ലയിൽ മത്സരിക്കും എന്ന വിധത്തിൽ. തിരുവല്ലയിൽ അല്ലെങ്കിൽ ആറന്മുളയിലോ റാ്‌നിയിലോ എന്നായിരുന്നു അഭ്യൂഹങ്ങൾ. റാന്നി, തിരുവല്ല സീറ്റുകൾ കുര്യനെ മത്സരിപ്പിക്കാൻ വേണ്ടി കോൺഗ്രസും കേരളാ കോൺഗ്രസുമായി വച്ചു മാറുമെന്ന വിധത്തിലും പ്രചരണമുണ്ടായി. എല്ലാ വിധ പ്രചാരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും പിജെ കുര്യൻ തന്നെ കർട്ടനിടുന്നു.

താൻ മത്സരിക്കാനില്ലെന്ന് കുര്യൻ വ്യക്തമാക്കി കഴിഞ്ഞു. ഒരു പാട് പേർ നേരിട്ടും ഫോണിലൂടെയും തന്നെ വിളിച്ച് നിർബന്ധിക്കുന്നുണ്ട് നിയമസഭയിലേക്ക് മത്സരിക്കാൻ. പക്ഷേ, അതിന് താനില്ല. സ്ഥാനാർത്ഥിയാകാൻ യോഗ്യരായ ധാരാളം പേർ കോൺഗ്രസിലുണ്ട്. അവർക്കുള്ള അവസരമാണിത്. ഇനി, പ്രതിസന്ധി ഘട്ടമുണ്ടാകുന്ന സാഹചര്യത്തിൽ പാർട്ടി നിർബന്ധിച്ചാൽ മാത്രം സ്ഥാനാർത്ഥിത്വത്തെപ്പറ്റി ചിന്തിക്കും. മത്സരിക്കണമെന്ന ആവശ്യവുമായി പാർട്ടി ഭേദമെന്യേ ധാരാളം പേർ തന്നെ സമീപിക്കുന്നുണ്ട്. മത്സരിച്ചാൽ ജയിക്കുമെന്ന കാര്യവും ഉറപ്പാണ്. എന്നാൽ കഴിവുള്ളവർ മുന്നോട്ടു വരണമെന്നതാണ് തന്റെ നിലപാടെന്ന് എല്ലാവരോടും പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിക്കഴിഞ്ഞു. ബിജെപിയുടെ വളർച്ച കോൺഗ്രസിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇതിനു പിന്നിൽ ബിജെപി, സിപിഎം അന്തർധാര സജീവമാണ്. ബിജെപിക്കൊപ്പം ചേർന്ന് ലീഗിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കുകയാണ് സിപിഎം. എന്നാൽ പണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് മുസ്ലിം ലീഗിനോട് ചങ്ങാത്തം കൂടിയ കാര്യം അവർ മറന്നു.

ലീഗിന് തീവ്രത പോരാ എന്നു പറഞ്ഞ് ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടി വിട്ട് ഐഎൻഎൽ രൂപീകരിച്ചപ്പോൾ സേട്ടിനെ ഒപ്പം നിർത്തിയ സിപിഎമ്മിന്റെ ആരോപണങ്ങൾ കേരളം തിരിച്ചറിയും. ഇസ്ലാം- ക്രിസ്ത്യൻ ചേരിതിരിവ് സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ഇത്തരം തന്ത്രങ്ങൾ വിലപ്പോകില്ല. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറയുന്നു.