കണ്ണൂർ: പാർട്ടി മൂലയ്ക്കിരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫിനിക്‌സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ചിറകടിച്ചുയർന്ന് പി.ജയരാജൻ. കോവിഡ് പിടിമുറുക്കിയ കണ്ണൂരിൽ ജനകീയ പ്രതിരോധത്തിന്റെ മുൻ നിരയിൽ പഴയ ചങ്കൂറ്റത്തോടെ തന്നെ പി.ജയരാജൻ നിൽക്കുന്നത് അണികളെയും ആരോഗ്യ പ്രവർത്തകരെയും ആവേശത്തിലാഴ്‌ത്തിയിട്ടുണ്ട്.

ഐ.ആർ.പി.സി.യെന്ന ജീവകാരുണ്യ - സാന്ത്വന സംഘടനയുടെ കടിഞ്ഞാണേന്തി ജയരാജൻ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ണൂരിനെ ഇളക്കിമറിക്കുകയാണ്. കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും ആംബുലൻസ് യാത്രാസൗകര്യവും ഡോക്ടർമാരുടെ സൗജന്യ സേവനവും ഐ.ആർ.പി.സി യിലൂടെ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ കോവിഡ് രോഗികൾ മരണമടഞ്ഞാൽ സംസ്‌കരിക്കുന്നതും ഐ.ആർ.പി.സി സന്നദ്ധ പ്രവർത്തകൻ മാർ തന്നെയാണ്.

ഇതോടെ ഐ.ആർ.പി.സിയെ ജീവകാരുണ്യ രംഗത്ത് സർക്കാരിനെയും പൊലിസിനെയും സഹായിക്കുന്ന റിലീഫ് സംഘടനയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുകയാണ്. എഴുപതു വയസിന് മുകളിലുള്ള പി.ജയരാജനെന്ന അണികളുടെ പി.ജെ ഇരുപതു വയസുള്ള യുവാവിന്റെ ചുറുചുറുക്കോടെയാണ് കോവിഡ് കാലത്ത് ഓടിച്ചാടി നടക്കുന്നത്. ഒട്ടും ഭയമോ പതർച്ചയോ ക്ഷീണമോയില്ലാതെ പോരാളിയുടെ വീര്യത്തോടെയാണ് പി.ജെ യുടെ പ്രവർത്തനങ്ങൾ.

ഇതിനെ സഹായിക്കാനായി കണ്ണൂരിലെ രണ്ടാം നിര നേതാക്കളുടെ വൻ തിര തന്നെ പി ജെയ്ക്കു പിന്നിൽ അണിനിരയ്ക്കുന്നുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ദിവ്യ, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ. സുകന്യ തുടങ്ങി ഡി.വൈ.എഫ് ഐ നേതാക്കൾ വരെ ഐ.ആർ.പി.സി പ്രവർത്തനങ്ങളൊടൊപ്പം മുൻ നിരയിൽ നിൽക്കുന്നുണ്ട്. മാധ്യമങ്ങളിൽ ഐ.ആർ.എ.സി നിറഞ്ഞുനിന്നതോടെ പാർട്ടിയുമായി ഭിന്നതയില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കഴിഞ്ഞ ദിവസം ഐ.ആർ.പി.സി. പുനരധിവാസ ക്യാംപ് സന്ദർശിച്ചിരുന്നു.

ഇതോടെ പി.ജയരാജന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിന്റെ സൂചനയാണ് അണികൾക്ക് ലഭിക്കുന്നത്. കോവിഡ് കാലത്ത് കണ്ണൂരിൽ പി.ജെ യുടെ രണ്ടാം തരംഗം വീശിയടിക്കുമ്പോൾ ജില്ലയിലെ അദ്ദേഹത്തെ ആരാധിക്കുന്നവരും ഉഷാറായിട്ടുണ്ട്. നാട്ടുമ്പുറങ്ങളിൽ ഡിവൈഎഫ്ഐ യുടെ ബാനറിൽ ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ടാക്‌സി സംവിധാനം ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത്. പി.ജയരാജനെയാണ്. ഐ.ആർ.പി.സി യേർപ്പെടുത്തിയ സമൂഹ കിച്ചൺ ഉദ്ഘാടനം ചെയ്തതും തെരുവ് യാചകരെ പുനരധിവസിപ്പിക്കാൻ കണ്ണൂർ ടൗൺ സ്‌കൂളിൽ ക്യാംപ്തുടങ്ങിയതും ഉപദേശക സമിതി ചെയർമാൻ കൂടിയായ പി.ജയരാജന്റെ നിർദ്ദേശപ്രകാരമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജന് മത്സരിക്കാൻ സീറ്റ് നൽകാത്തത് പി.ജെ ആർമിയെയും ജയരാജനെ സ്‌നേഹിക്കുന്ന പാർട്ടി പ്രവർത്തകരെയും ഏറെ നിരാശപെടുത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ കമ്യൂണിസ്റ്റ് മൂല്യം ഉയർത്തി പിടിച്ച് പരാതിയോ പരിഭവമോ പ്രകടിപിക്കാതെ പാർട്ടിയോടൊപ്പം നിൽക്കുകയാണ് ജയരാജൻ ചെയ്തത്. പാർട്ടി ഏൽപ്പിച്ച അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുകയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷിനെ വിജയിപ്പിക്കാനും ജയരാജന് കഴിഞ്ഞു. കഴിഞ്ഞ പത്തു വർഷമായി മുസ്ലിം ലീഗ് നേതാവും സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവുമായ കെ.എം ഷാജിയെ അഴീക്കോട് നിന്നും തോൽപിച്ചു വിടാൻ തുണയായത് ജയരാജന്റെ തന്ത്രങ്ങളും വീറും വാശിയുമാണ്.

കണ്ണൂർ ജില്ലയിൽ സിപിഎം നേടിയ ഏറ്റവും തിളക്കമാർന്ന വിജയം അഴീക്കോട്ടെ താണെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ അപ്പോഴും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും ജയരാജനോടുള്ള വൈര്യ നിര്യാതന ബുദ്ധി കുറഞ്ഞിട്ടില്ല. വരുന്ന പാർട്ടി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗമെന്ന സ്ഥാനം തന്നെ നിലനിർത്താൻ പി. ജയരാജന് കഴിയുമോയെന്ന കാര്യം സംശയമാണ്. ഭരണതലത്തിലും ജയരാജന് എന്തെങ്കിലും പദവി ലഭിക്കാൻ സാധ്യത കുറവാണ്. ക്രമേണ പൂർണമായും മൂലയ്ക്കിരുത്താനുള്ള ശ്രമമാണ് പി.ജയരാജനെതിരെ പാർട്ടി നേതൃത്വം നിശബ്ദമായി നടപ്പിലാക്കുന്നത്.

ഇങ്ങനെ പോയാൽ സി.കെ.പി പത്മനാഭനെ പോലെ പിണറായി പകയിൽ താനും തീരുമെന്ന് മറ്റാരെക്കാളും കൂടുതൽ അറിയാവുന്നത് ജയരാജന് തന്നെയാണ്. അദ്ദേഹത്തിന് മുൻപിൽ അവശേഷിച്ച ഏക വഴി ഐ.ആർ.പി.സി.യിലൂടെ ജനകീയ പിൻതുണയും പാർട്ടിക്കുള്ളിലെ സ്വാധീനവും വർധിപ്പിക്കുക യെന്നതാണ്. പണ്ട് പാർട്ടിക്കുള്ളിൽ പിടി അയഞ്ഞപ്പോൾ വി എസ്.അച്യുതാനന്ദൻ ഉപയോഗിച്ച അടവുനയവും ഇതു തന്നെയായിരുന്നു. അന്ന് കുങ്കുമം ചുമയ്ക്കുന്ന കഴുതയെന്നാണ് പി.ജയരാജൻ വി.എസിനെ വിശേഷിപ്പിച്ചിരുന്നത്. പിണറായി പക്ഷത്തെ കരുത്തരായ നേതാക്കളിലൊരാളായ പി.ജയരാജൻ വന്ദ്യ വയോധികനായ വി.എസിനെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ന് ജയരാജന് ഗത്യന്തരമില്ലാതെ ആ വഴി തന്നെ തെരഞ്ഞെടുക്കേണ്ടി വന്നത് ചരിത്രത്തിലെ കാവ്യനീതിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.