കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ വയനാട് കോൺഗ്രസിൽ പൊട്ടിത്തെറി. വയനാട് ഡിസിസി സെക്രട്ടറി പി കെ അനിൽകുമാർ പാർട്ടിയിൽ നിന്നും രാജിവെച്ചു. അദ്ദേഹം എൽജെഡിയിൽ ചേരുമെന്ന് അറിയിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണ്. രണ്ടു വർഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനിൽകുമാർ പറഞ്ഞു. പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും അനിൽകുമാർ ആരോപിച്ചു.

എൽ.ജെ.ഡിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അനിൽകുമാർ പറഞ്ഞു. ഇദ്ദേഹം കൽപറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചനകൾ. തന്നെയും തനിക്കൊപ്പമുള്ളവരെയും പാർട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ അനിലിന് നീരസമുണ്ടായിരുന്നു. പൊഴുതന ഡിവിഷനിൽ അനിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെടുകയായിരുന്നു.

ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അനിൽകുമാർ. 2015ൽ ജില്ല പഞ്ചായത്തിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുമുമ്പ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലയിൽ സജീവമായി നേതൃനിരയിലുണ്ടായിരുന്ന അനിൽ, ഐ.എൻ.ടി.യുസിയുടെ മുതിർന്ന നേതാവായിരുന്ന പി.കെ. ഗോപാലന്റെ മകനാണ്. നിലവിൽ സംസ്ഥാനത്ത് ലോക്താന്ത്രിക് ജനതാദളിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് കൽപ്പറ്റ. അതുകൊണ്ട് തന്നെ ഈ സീറ്റ് വേണമെന്ന ആവശ്യം അവർ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതോടെ സിപിഎം സിറ്റിങ് സീറ്റ് ഘടകകക്ഷിക്കായി വിട്ടുകൊടുക്കും.

ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു 2016 ൽ കൽപറ്റ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. പത്തുവർഷം എംഎൽഎയായിരുന്ന എം വി ശ്രേയാംസ് കുമാറും ചെരുപ്പു പോലും ധരിക്കാതെ സാധാരണക്കാരനായി പാർട്ടി പ്രവർത്തനം നടത്തുന്ന സി.കെ. ശശീന്ദ്രനും തമ്മിലായിരുന്നു മത്സരം. 13083 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി ശ്രേയാംസിനെ തോൽപ്പിച്ച് എൽഡിഎഫിന്റെ ശശീന്ദ്രൻ ജയിച്ചു.

ശ്രേയാംസ്‌കുമാർ 2006 ൽ യുഡിഎഫിനൊപ്പം നിന്നാണ് മത്സരിച്ചു ജയിച്ചത്. 2011 ൽ എൽഡിഎഫിനൊപ്പംനിന്നു ജയിച്ചു. 2016 ൽ വീണ്ടും യുഡിഎഫിനൊപ്പം മൽസരത്തിനിറങ്ങുകയായിരുന്നു. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പിന്നീട് ലോക്താന്ത്രിക് ജനതാദൾ ആയി എൽഡിഎഫിനൊപ്പം ചേർന്നു. എൽഡിഎഫ് ശ്രേയാംസ് കുമാറിനെ രാജ്യസഭാ എംപിയാക്കുകയും ചെയ്തു. യുഡിഎഫിലായിരുന്നാലും എൽഡിഎഫിലായിരുന്നാലും കൽപറ്റയിൽ ജനതാദൾ ആയിരുന്നു മത്സരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും ലോക്താന്ത്രിക് ജനതാദൾ കൽപറ്റ സീറ്റ് എൽഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഡിഎഫിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആദ്യം ചർച്ച നടന്നിരുന്നു. പിന്നീട് ടി. സിദ്ദിഖിന്റെ പേരും ഉയർന്നു കേട്ടു. എന്നാൽ ജില്ലയിലെ ഏക ജനറൽ സീറ്റിൽ പുറത്തു നിന്നുള്ള ആളുകളെ മത്സരിപ്പിക്കുന്നതിനോട് ജില്ലയിലുള്ളവർക്കു താൽപര്യമില്ല. പ്രാദേശിക വാദം ശക്തമാണ്. പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫിസിന്റെ മതിലിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മുൻ എംഎൽഎ എൻ.ഡി.അപ്പച്ചൻ, മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു. എന്നാൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റായ യുവനേതാവ് കെ.ഇ. വിനയനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ശക്തമായ നിലപാട്.

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റായ ഇദ്ദേഹത്തിന്റെ പരിശ്രമത്തിലാണ് എൽഡിഎഫ് അടക്കിവച്ചിരുന്ന മീനങ്ങാടി പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള വിനയനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തുണ്ട്. എൻഡിഎയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണെങ്കിലും ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്താനാണ് നീക്കം.