കണ്ണൂർ: കെ.റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സിപിഎമ്മും നടത്തുന്ന നുണ പ്രചാരണം അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണുർ മാരാർജി ഭവനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നടപ്പിലാക്കേണ്ട അനിവാര്യ പദ്ധതിയാണ് കെ. റെയിലെന്ന് ബിജെപി കരുതുന്നില്ല. കേന്ദ്ര സർക്കാർ റെയിൽവേ വികസനത്തിന്റെ ഭാഗമായി ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയടക്കം ആലോചിച്ചു വരികയാണ് 160 കിലോമീറ്റർ വേഗതയുള്ള ട്രെയിൻ വരെ ട്രാക്കിലൂടെ ഓടും. ഈ സാഹചര്യത്തിൽ കേരളത്തിൽ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരോ റെയിൽവേ മന്ത്രാലയ മോ അനുമതി നൽകിയിട്ടില്ല. കേന്ദ്രത്തെ കൂട്ടുപ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മൂന്ന് ലക്ഷം കോടി രൂപ കടത്തിൽ മുങ്ങിയിരിക്കുന്ന കേരളത്തിന് ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാൻ സാധിക്കുമോയെന്ന ആശങ്കയാണ് റെയിൽവെ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്നു നടിക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

അ നു പമയുടെ കുഞ്ഞിനെ അവരറിയാതെ ദത്തു നൽകിയ വിഷയത്തിൽ തീരെ മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇടശേരിയുടെ പുതപ്പാട്ടെന്ന കവിതയിലെ പൂതത്തെപ്പോലെയാണ് അമ്മയറിയാതെ സ്വന്തം കുട്ടിയെ കവർന്നെടുത്ത സർക്കാർ മാറിയത്.കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ ശിശുക്ഷേമ സമിതിക്കും മുഖ്യമന്ത്രിക്കും കേരളത്തിലെ ഓദ്യോഗിക സംവിധാനങ്ങൾക്കെല്ലാം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

കേരളത്തിൽ പാസഞ്ചർ ടെയിൻ ഓടുന്നില്ലെന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ടെന്നും ഇതിനു കാരണം കൊ വിഡ് ടി.പി. ആർ നിരക്ക് കുറയാത്തതാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പാസഞ്ചർ സർവീസ് തുടങ്ങിയിട്ടുണ്ട്. കൊ വിഡ് വ്യാപനം കുറഞ്ഞാൽ കേരളത്തിൽ പാസഞ്ചർ പുനരാരംഭിക്കാനും എക്സ്‌പ്രസ് സാധാരണ ട്രെയിനുകളാക്കി മാറ്റാൻ റെയിൽവെ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.