മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ഔദ്യോഗികമായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറം എംപിയായ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നൽകി കൊണ്ടുള്ള തീരുമാനം ഇതോടെ ഉണ്ടായിട്ടുണ്ട്. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏൽപ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കാലങ്ങളിൽ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയതിൽ വിജയം നേടാൻ പാർട്ടിക്കും മുന്നണിക്കും ആയിട്ടുണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ആ ഘട്ടം വരുമ്പോൾ തീരുമാനിക്കുമെന്നും ഇ.ടി.പറഞ്ഞു.

വരാൻ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂർണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാൻ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ.

ദേശീയ രാഷ്ട്രീയത്തിൽ യുപിഎ അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രിയാകാം എന്ന ലക്ഷ്യത്തിലാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാൽ, ബിജെപി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയതോടെ വലിയ റോൾ ലീഗിന് ഇല്ലാത്ത അവസ്ഥയുമായി. പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് പ്രക്ഷോഭം ചൂടു പിടിച്ചപ്പോൾ പോലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ട വിധത്തിൽ ശോഭിക്കാൻ സാധിച്ചില്ലെന്ന വിമർശനവും പൊതുവേ ഉയർന്നിരുന്നു. മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ പ്രവാസി പ്രമുഖന്റെ കല്ല്യാണത്തിലെ കോഴി ബിരിയാണിയിൽ അഭിരമിച്ചതിന് ഏറെ പഴി കേൾക്കേണ്ടി വന്ന അനുഭവം പി.കെ.കുഞ്ഞാലിക്കുട്ടിക്കുണ്ടാകുകയും ചെയതു.

പൗരത്വ ഭേദഗതി വിഷയത്തിൽ കപിൽസിബൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അമിത് ഷായുടെ മുഖത്ത് നോക്ക് ആർജ്ജവത്തോടെ സംസാരിച്ചപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പി.കെ.കെ.യുടെ പ്രസംഗം പിണറായി വിജയനെ കണ്ട കുഞ്ഞാലിക്കുട്ടിയെ പോലെയാണെന്നാണ് പാർട്ടി അണികൾ വരെ ചർച്ചയായി. ഇങ്ങനെ ലോക്‌സഭയിൽ വേണ്ട വിധത്തിൽ ശോഭിക്കാൻ സാധിക്കാതെ വന്നതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പു ലാക്കാക്കി കുഞ്ഞാലിക്കിട്ടി വീണ്ടും കേരളത്തിലേക്ക് വണ്ടി കയറുമ്പോൾ.

മലപ്പുറത്തെ പാർലിമെന്റ് മെമ്പറായി പ്രവർത്തിക്കുമ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കുള്ള വഴികൾ തേടിയിരുന്നു. ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരെ കൊണ്ട് പാണക്കാട് ഹൈദറി തങ്ങളോട് റെക്കമെന്റ് ചെയ്യിച്ചു. പിന്നാലെ പാണക്കാട് തങ്ങളെ കൊണ്ടു തന്നെ എതിർപ്പുയർത്തുന്നവരെ നിശബ്ദനാക്കിയാണ് അദ്ദേഹത്തിന്റെ വരവ്. ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചു വരുമ്പോൾ ലീഗ് മനസ്സുവെക്കുന്നത് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനമാണ്. അതിനുള്ള സാഹചര്യം ഒരുങ്ങുമോ എന്നു കണ്ടു തന്നെ അറിയണം.