തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ മൂല കാരണം കെ.സി വേണുഗോപാലാണെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത്. കെ സി വേണുഗോപാലുമായി ബന്ധമുള്ളവരെയും 'കമ്മിറ്റ്‌മെന്റ്' ഉള്ളവരെയും മാത്രമാണ് ഡി.സി.സി നേതൃപട്ടികയിൽ ഉൾപ്പെടുത്തിയത്. ചില ജില്ലകളിൽ മാത്രമാണ് മറ്റു ചില ഇടപെടലുകൾകൊണ്ട് മാറ്റമുണ്ടായത്.

കോൺഗ്രസിനകത്ത് നിന്ന് കോൺഗ്രസിനെ തകർക്കാൻ കെ.സി വേണുഗോപാൽ ശ്രമിക്കുന്നത് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ ഓർഗനൈസേഷനൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് രാഹുൽ ഗാന്ധിയോട് കത്തിലൂടെ ആവശ്യപ്പെട്ടതെന്നും പ്രശാന്ത് പറഞ്ഞു. പാലോട് രവി നിയമ സഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ചയാളാണ്.

ഇക്കാര്യം തെളിവുകൾ സഹിതം പാർട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാർട്ടി കണക്കിലെടുത്തില്ല. പകരം തോൽപിക്കാൻ ശ്രമിച്ച ആൾക്ക് പ്രമോഷൻ നൽകി.

തന്നോടപ്പമുള്ള പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രശാന്ത് ആരോപിക്കുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അപമാനിച്ചു. മാനസികമായി തകർത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ കൂടെ നിന്ന് പ്രവർത്തിച്ചെന്ന പാലോട് രവിയുടെ വാദം പച്ചക്കള്ളമാണ്. പാലോട് രവി കുമ്പിടിയാണ്. നല്ല അഭിനേതാവാണ്. ഓസ്‌കാറിന് അർഹതയുണ്ട്. തന്നെ തോൽപിക്കണമെന്ന് രവി പലരേയും വിളിച്ചു പറഞ്ഞു.

പാർട്ടിയുടെ പരാജയത്തിനായി ശ്രമിച്ചയാൾക്ക് സംഘടനയിൽ പ്രൊമോഷൻ നൽകുന്നത് ശരിയല്ലെന്ന് പ്രശാന്ത് പറഞ്ഞു. തന്നോടൊപ്പമുള്ള പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായിരുന്നു. 30 വർഷമായി കോൺഗ്രസുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിക്കുകയാണെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.

ഡി.സി.സി അധ്യക്ഷന്മാരെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പരസ്യനിലപാടെടുത്തതിനാൽ കഴിഞ്ഞ ദിവസം കെപിസിസി പി.എസ് പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.