പാലക്കാട്: ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായി പി കെ ശശി വീണ്ടും പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക്. ശശിയെ തിരിച്ചെടുക്കാൻ പാർട്ടി തീരമാനിച്ചു. ഇന്നുചേർന്ന സിപിഐഎം ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന കമ്മറ്റിക്ക് നൽകും. ഡിവൈഎഫ്ഐ വനിതാ നേതാവ് പീഡന പരാതിയുന്നയിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ നടപടിയെടുത്തത്. എന്നാൽ ഈ തിരിച്ചെടുക്കൽ പ്രഹസനമായിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു.

വനിതാ നേതാവിന്റെ പരാതിയെത്തുടർന്ന് 2018ൽ ശശിയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. പരാതിയുയർന്ന സമയത്ത് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു പികെ ശശി. ആറുമാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് പിന്നാലെയായിരുന്നു ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തത്. പിന്നീട് ഇപ്പോഴാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്കുള്ള സ്ഥാനക്കയറ്റം.

സിപിഐഎം കേന്ദ്ര കമ്മറ്റിയംഗങ്ങളായ എകെ ബാലൻ, പികെ ശ്രീമതി എന്നിവരായിരുന്നു യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയത്. ഇവരുടെ ശുപാർശ പ്രകാരമായിരുന്നു പികെ ശശിയെ പാർട്ടി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധികഴിഞ്ഞ് തൊട്ടുപിന്നാലെ ശശിയെ ജില്ലാ കമ്മറ്റിയിലെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിനിടെ പരാതിപ്പെട്ട വനിതാ നേതാവ് ഡിവൈഎഫ്ഐയിൽനിന്നും രാജി വെക്കുകയും ചെയ്തു. തനിക്കനുകൂലമായി നിലപാടെടുത്ത നേതാക്കളെ തരംതാഴ്‌ത്താൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇവരുടെ രാജി. ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റിയംഗമായിരുന്നു പരാതിക്കാരി.