സേലം: ഈ ഞായറാഴ്ച സേലത്ത് ഒരുപുതുചരിത്രമെഴുതും. പി. മമത ബാനർജിയെ സോഷ്യലിസം വിവാഹം കഴിക്കും. കമ്യൂണിസത്തെയും ലെനിനിസത്തെയും സാക്ഷിയാക്കി ഇരുവരും പുതിയ കുടുംബ ജീവിതത്തിന് തുടക്കമിടും. ഇതൊരുരാഷ്ട്രീയ ആക്ഷേപഹാസ്യനാടകമായി കരുതേണ്ട. രണ്ട് പേരുടെ ജീവിതത്തിന്റെ കാര്യമാണ്. വിവാഹ ക്ഷണക്കത്ത് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

വരൻ എ.എം.സോഷ്യലിസം, സ്ഥലത്തെ സിപിഐ കുടുംബാംഗമായ എ.മോഹന്റെ മകനാണ്. വധു മമത ബാനർജി കോൺഗ്രസ് കുടുംബാംഗങ്ങളായ കെ.പളനിസാമി-പി.നീലാംബാൾ ദമ്പതിമാരുടെ മകളും. സോഷ്യലിസത്തിന് രണ്ടുസഹോദരന്മാരുണ്ട്: കമ്യൂണിസവും ലെനിനിസവും.

സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് കമ്യൂണിസം മരിച്ചുവെന്ന് എല്ലാവരും പറഞ്ഞുനടന്നപ്പോഴാണ് ആൺമക്കൾക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്ന് എ മോഹൻ പേരിട്ടത്. പേരക്കുട്ടിയുടെ പേര് മാർക്‌സിസം എന്നാണ്, സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ മോഹൻ പറഞ്ഞു. 2016 ൽ തിരഞ്ഞെടുപ്പിൽ വീരപാണ്ഡി നിയമസഭാ മണ്ഡലത്തിൽ പീപ്പിൾസ് വെൽഫയർ അലയൻസിന് വേണ്ടി മത്സരിച്ചിട്ടുണ്ട് മോഹൻ.

കമ്യൂണിസം അഭിഭാഷകനായി ജോലി ചെയ്യുന്നു. സഹോദരങ്ങളായ ലെനിനിസവും സോഷ്യലിസവും ചേർന്ന് വെള്ളിയാഭരണ നിർമ്മാണ ശാല നടത്തുന്നു. പേരിലെ കൗതുകമൊക്കെ മക്കൾ ശരിവയ്ക്കുന്നുവെങ്കിലും, താനും സഹോദരന്മാരുമൊക്കെ സ്‌കൂളിൽ വളരെ അധികം കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് എ.എം.സോഷ്യലിസം പരിഭവം പറഞ്ഞു. എന്നാൽ, കോളേജിൽ പലർക്കും ഈ പേരുകൾ ആകർഷകമായി തോന്നി. നല്ല പ്രതികരണമായിരുന്നു കൂടുതലും.

വധു മമത ബാനർജിയായതിൽ സോഷ്യലിസം സന്തോഷവാനാണ്. സവിശേഷമായ ഒരുപേര് ഭാര്യക്കുണ്ടാകുമല്ലോ എന്നതാണ് കാരണം. കോൺഗ്രസിന് വേണ്ടി 20 വർഷത്തോളം കഠിനാദ്ധ്വാനം ചെയ്ത ശേഷമാണല്ലോ മമത ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്. അക്കാലത്താണ് വധുവിന്റെ കുടുംബം അവൾക്ക് മമതയുടെ പേരിട്ടത്. വധുവിന്റെ കുടുംബം കോൺഗ്രസുകാരായതൊന്നും സോഷ്യലിസത്തിന് പ്രശ്‌നമല്ല. പേരിലെ കൗതുകത്തിൽ അയാൾ വീണുപോയതാവാം. സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ കല്യാണത്തിൽ പങ്കെടുക്കുമെന്ന് പിതാവ് എ.മോഹൻ അഭിമാനപൂർവം പറയുന്നു. അമനി കൊണ്ടലംപട്ടി കാട്ടൂർ ഭാഗത്താണ് വിവാഹം നടക്കുന്നത്.

സേലത്തെ കാട്ടൂർ മേഖലയിൽ കഴിഞ്ഞ 80 വർഷമായി കമ്യൂണിസം പ്രചാരത്തിലുണ്ടെന്ന് മോഹൻ പരഞ്ഞു. ഈ ഭാഗത്തെ ചില നേതാക്കൾക്കും സവിശേഷമായ പേരുകളുണ്ട്. വിയറ്റ്‌നാം, ചെക്കസ്ലോവാക്യ, മോസ്‌കോ, റഷ്യ എന്നിങ്ങനെ. മകളാണ് തനിക്ക് പിറന്നിരുന്നതെങ്കിൽ മാർക്‌സിയ എന്നുവിളിക്കുമായിരുന്നു, മോഹൻ പറഞ്ഞു.

മക്കളെല്ലാം സിപിഎം അംഗങ്ങളാണ്. കുട്ടികളായിരിക്കെ കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽ വിഷമതകളും നേരിട്ടു. ഒരിക്കൽ കമ്യൂണിസത്തിന് മൂന്നുവയസ്സുള്ളപ്പോൾ ശിശുരോഗ വിദഗ്ധനെ കാണിക്കാൻ കൊണ്ടുപോയി. പേരുകേട്ടപാടേ അയാൾ ചികിത്സിക്കാതെ പിന്മാറുകയും വേറെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വരികയും ചെയ്തു. 90 കളിൽ സ്‌കൂൾ പ്രവേശനത്തിനും ബുദ്ധിമുട്ടി. എന്നാൽ, കുട്ടികൾ കോളേജിലായപ്പോഴേക്കും അത്തരം പ്രയാസങ്ങളുണ്ടായില്ല.

മമത ബാനർജി മോഹന്റെ ബന്ധുകുടുംബത്തിലെ അംഗം കൂടിയാണ്. മക്കളെ പേരിനെ ചൊല്ലി പരിഹസിക്കുന്നത് മോഹന് ഇഷ്ടമല്ല. സോവിയറ്റ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ പെരിയാർ മക്കളെ മോസ്്‌കോ, റഷ്യ എന്നിങ്ങനെയാണ് ചൊല്ലി വിളിച്ചതെന്നും ഓർമിപ്പിക്കുന്നു മോഹൻ.