തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ കുഴൽപ്പണ ഇടപാടിൽ ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം തുടങ്ങി. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി പി മുകന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഴൽപ്പണ ഇടപാടിനെ കുറിച്ച് ഇപ്പോൾ കേൾക്കുന്ന കാര്യങ്ങൾ ബിജെപി അണികൾക്ക് വലിയ വിഷമം ഉണ്ടാക്കുന്നവയാണെന്ന് പി പി മുകുന്ദൻ. ഇതേക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വം തന്നോട് കാര്യങ്ങൾ തിരക്കിയിരുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വിനു വി ജോൺ നയിച്ച ചർച്ചയിൽ പങ്കെടുക്കവേ വ്യക്തമാക്കി.

''കേൾക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ അത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇതിൽ സമഗ്രമായ അന്വേഷണം നടക്കട്ടെ, പിണറായി ഭരിക്കുന്ന പൊലീസാണല്ലോ കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തെ കെ സുരേന്ദ്രൻ സ്വാഗതം ചെയ്തതായാണ് കേട്ടത്. ബിജെപി കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ ആഭ്യന്തരമായ അന്വേഷണം നടക്കണം. ഒരു കാര്യം ശരിയാണ്, ബിജെപി പ്രവർത്തകർക്ക് ഏറെ വിഷമം ഉണ്ടാക്കുന്ന സംഭവമാണ് കേൾക്കുന്നത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു''- പി പി മുകുന്ദൻ വ്യക്തമാക്കി.

''ആദ്യം കേട്ടത് 25 ലക്ഷം പോയി എന്നായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒന്നേകാൽ കോടിയായി.. ഒരു 200 കോടിയുടെ കണക്കും കേൾക്കുന്നുണ്ട്. ബിജെപി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് രാജ്യദ്രോഹമാണല്ലോ. പാർട്ടി കേന്ദ്ര നേതാക്കൾ. എന്നോട്ടു സംസാരിച്ചിരുന്നു. പഴയ നേതാക്കളുമായും ഇപ്പോഴത്തെ നേതാക്കളുമായി സംസാരിച്ചു എന്നാണ് അറിഞ്ഞത്. സി കെ ജാനുവിന്റെ വിഷയത്തിൽ അതിനെ ന്യായീകരിക്കാനോ തള്ളാനോ ഇല്ല. കാരണം അവർക്കിടിൽ ആഭ്യന്തര പ്രശ്‌നം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, ഭരണപരമായി അന്വേഷിക്കേണ്ട കാര്യം സർക്കാറും പൊലീസും അന്വേഷിക്കേണ്ടതുണ്ട്. പാർട്ടിയിലെ കാര്യങ്ങൾ ആഭ്യന്തരമായി അന്വേഷിച്ച് അഗ്നിശുദ്ധി വരുത്തണം. ഇക്കാര്യത്തിൽ പാർട്ടി തിരുത്തും നടപടി എടുക്കും എന്ന കാര്യത്തിൽ സംശയമില്ല. യെദ്യൂരപ്പയുടെ പേരിൽ അടക്കം അന്വേഷണം നടത്തി നടപടി എടുത്ത ചരിത്രമുണ്ട്. ലക്ഷക്കണക്കിന് വരുന്ന ബിജെപി അനുഭാവികളു ബാധിക്കുന്ന വിഷയമാണിത്.''- മുകുന്ദൻ പറഞ്ഞു.

അതിനിടെ കള്ളപ്പണക്കേസിൽ കുരുക്ക് മുറുകുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി കേന്ദ്രനേതൃത്വത്തിന് കേരളത്തിൽ നിന്നുള്ള ചാരസംഘത്തിന്റെ അന്വേഷണ റിപ്പോർട്ടും പോയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്രനേതൃത്വം നൽകിയ കോടിക്കണക്കിന് രൂപയിൽ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമീഷനായി കൈപ്പറ്റിയെന്നാണ് റിപ്പോർട്ട് നൽകിയതെന്നാണ് മാധ്യമ വാർത്തകൾ.

കർണാടകയിലെ വ്യവസായികളിൽ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതിൽ എട്ടു ശതമാനം കേരളത്തിലെ നേതാക്കൾ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടു ദിവസം മുൻപാണ് മിഥുൻ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതാക്കളുമായി അടുത്തബന്ധമുള്ള കോഴിക്കോട് സ്വദേശി മിഥുൻ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത് എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

അമിത് ഷായുടെ വിശ്വസ്തനായ മിഥുൻ പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുൻ ഐടി പ്രൊഫഷണലാണ്. മിഥുന് ദേശീയനേതാക്കളുമായി നേരിട്ടുള്ള ബന്ധമാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ ഇടപെടാനുള്ള സ്വാധീനവും കേരളത്തിലെ നേതാക്കൾക്കില്ല. മാത്രമല്ല, മിഥുൻ കേന്ദ്രത്തിന്റെ ചാരസംഘത്തിലുള്ള വ്യക്തിയാണെന്ന് റിപ്പോർട്ട് പോയശേഷമാണ് നേതാക്കളും അറിയുന്നതും. കൊടകര കള്ളപ്പണക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തിനിൽക്കുന്നതിനിടയാണ്, പാർട്ടിക്കുള്ളിൽ നിന്ന് മറ്റൊരു റിപ്പോർട്ട് കേന്ദ്രത്തിന് പോയിരിക്കുന്നത്.

ഇതിനിടെ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ ബിജെപി നേതാക്കൾ നൽകിയ മൊഴികൾ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും. ഈ ലിസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുണ്ടെന്നാണ് സൂചന.

കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ് ഉൾപ്പെടെ മൊഴി നൽകിയത്. അന്വേഷണത്തിൽ ധർമരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് നേതാക്കളുടെ മൊഴികൾ അന്വേഷകസംഘം തള്ളിയത്.

ഇതിനിടെ എൻഡിഎയിൽ ചേരാൻ സി.കെ.ജാനു പണം ആവശ്യപ്പെട്ടെന്ന് ആരോപണവും ഉയർന്നതും കെ സുരേന്ദ്രനെ കൂടുതൽ വെട്ടിലാക്കുന്നതാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പത്തുലക്ഷം രൂപ കൈമാറിയെന്നും സൂചിപ്പിക്കുന്നുണ്ട്. ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ സി.കെ.ജാനു നിഷേധിച്ചു.

10 കോടി രൂപയും പാർട്ടിക്ക് 5 നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. എന്നാൽ കെ. സുരേന്ദ്രൻ ഇത് അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രൻ മറുപടി നൽകി. തിരുവനന്തപുരത്ത് വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിനു മുൻപായി ജാനുവിന് സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും പ്രസീത കൂട്ടിച്ചേർത്തു. ഇതോടെ സംസ്ഥാന ബിജെപി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.