തിരുവനന്തപുരം: മുൻനേതാക്കളുടെയും അണികളുടെയും മനസ്സിൽ പാർട്ടിവിടുന്നതുൾപ്പടെയുള്ള ചാഞ്ചാട്ടം ഇല്ലാതെ നോക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് മറുനാടൻ മലയാളിയോട് ബിജെപി മുൻ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ. താൻ വാർത്തയുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയാണെന്ന ഒ രാജഗോപാലിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കുന്നില്ലെന്നും മുകുന്ദൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുകുന്ദൻ വിശദീകരിച്ചു.

അങ്ങിനെയങ്കിൽ നിയമസഭയിൽ കർഷക സമരത്തിൽ എടുത്ത നിലപാടും പിണറായി വിജയൻ നല്ല മുഖ്യമന്ത്രിയാണെന്ന അഭിപ്രായവും ഒക്കെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടി വരും. പക്ഷെ അതിന്റെ ആവശ്യമില്ല. ഒ രാജഗോപാൽ മുതിർന്ന നേതാവാണ്. പരാമർശങ്ങളെ അങ്ങിനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. തന്റെയൊക്കെ ആദ്യകാലത്ത് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നെ വ്യക്തിത്വമാണ് രാജഗോപാലിന്റെത്. അങ്ങിനെയൊരാളിൽ നിന്ന് ബോധപൂർവ്വം ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ല. പ്രതികരണങ്ങൾ വേദനയുളവാക്കുന്നുണ്ട്. പക്ഷെ ഗൗരവതരമായി താൻ പരിഗണിക്കുന്നില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.

പാർട്ടിയിലേക്ക് ഒത്തിരിപ്പേർ പുതുതായി കടന്നുവരും. അത് കണ്ട് നിലവിലുള്ളവരെ മുഖവിലക്കെടുക്കാതിരിക്കുകയയോ പരിഗണിക്കാതിരിക്കുകയോ ചെയ്യരുത്. ഇത്തരം നീക്കങ്ങളാണ് പ്രവർത്തകരിൽ ഉൾപ്പടെ മനസ്സുമാറ്റത്തിന് വഴിയൊരുക്കുന്നത്. ഇത്തരം അവസ്ഥകൾ ഇല്ലാതാക്കേണ്ട് നേതൃത്വത്തിന്റെ കടമയാണ്. കൃത്യമായ ഇടപെടലുകളിലൂടെ ഇതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണെന്നും മുകുന്ദൻ വിശദീകരിച്ചു. മറ്റ് പാർട്ടിക്കാർ തന്നെ ബന്ധപ്പെടുന്നുണ്ടെങ്കിലും പരിവാറുകാരനായി തന്നെ തുടരുമെന്നാണ് ഒരുകാലത്ത് ആർ എസ് എസിന്റെ ശക്തനായ പ്രചാരകൻ കൂടിയായ മുകുന്ദൻ വിശദീകരിക്കുന്നത്.

എല്ലാ പാർട്ടി നേതാക്കന്മാരുമായും തനിക്ക് ബന്ധമുണ്ട്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അത് തന്റെ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു. പക്ഷെ രാഷ്ട്രീയത്തിനതീതമായി മാത്രമാണ് ഈ ബന്ധം. അല്ലാതെ ആശയപരമായി മറ്റുപാർട്ടിക്കാരുമായും നേതാക്കന്മാരുമായും തനിക്ക് ഒത്തുപോകാൻ പറ്റില്ലെന്നും മുകുന്ദൻ വിശദീകരിച്ചു. ഒരിക്കലും പരിവാർ ബന്ധം വിടില്ലെന്ന സൂചനകളാണ് പിപി മുകുന്ദൻ നൽകുന്നത്. കേരളത്തിലെ ബിജെപിയുടെ മുന്നണി സംവിധാനം കൂടുതൽ ത്വരിതപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമെ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യത എത്രത്തോളം എന്ന ചോദ്യത്തിന് മുകുന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു.

കേരളത്തിൽ മൂന്നു തരത്തിലുള്ള വോട്ടർമാരാണുള്ളത്. കമ്മിറ്റഡ് വോട്ടേർസ്, അനുഭാവികൾ, നിഷ്പക്ഷവാദികൾ. ഇതിൽ മൂന്നാമത്തെ കാറ്റഗറിയെ നമ്മൾ പഠിക്കുന്നതിനനുസരിച്ചാവും തെരഞ്ഞെടുപ്പിലെ നമ്മുടെ പ്രകടനവും. ഈ വിഭാഗത്തെ പ്രത്യേക ശ്രദ്ധിച്ച് അതിന് വേണ്ട ഇടപെടലുകളാണ് നടത്തേണ്ടത്. മാത്രമല്ല ബിജെപിയുടെ കേരളത്തിലെ സാമൂഹിക ഇടപെടൽ വളരെ കുറവാണ്. ഇതും ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ മറ്റു രണ്ടു മുന്നണികളെപ്പോലെ അല്ല ബിജെപി. വളർച്ചയുടെ പാതയിലാണെന്നതിനാൽ തന്നെ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് നീരീക്ഷണവും രാഷ്ട്രീയ ജാഗ്രതയും വളരെ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ നേമത്തെ സാധ്യതകളെക്കുറിച്ച് പറയണമെങ്കിൽ അവിടുത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചത് പോലെ കൃത്യമായ നിരീക്ഷണം വേണം. അവിടെയും നിഷ്പക്ഷ വാദികളെ കൃത്യമായി പഠിക്കണം. എങ്കിൽ മാത്രമെ ഇത്തവണത്തെ സാധ്യത വിലയിരുത്താനാകു. അല്ലാതെ വെറുതെ പ്രതീക്ഷ വച്ച് നടന്നിട്ട് കാര്യമില്ല. അങ്ങിനെയെങ്കിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളെക്കുറിച്ചും നമുക്ക് പ്രതീക്ഷവെക്കാം. പക്ഷെ അതിൽ കാര്യമില്ല. പഴയപോലെ അല്ല ഇപ്പോൾ. പ്രചരണത്തിനും ജനങ്ങൾക്കിടയിലെ ഇടപെടലിനുമൊക്കെ ഒരുപാട് സാധ്യതകളും മാർഗങ്ങളുമുണ്ട്. പക്ഷെ സാധ്യതകൾ വർധിക്കുമ്പോൾ അത് ഉപയോഗപ്പെടുത്തേണ്ടവർ മടിയന്മാരായിപ്പോകുന്നുവോ എന്ന സംശയം ഉണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രവർത്തനത്തെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് അതിനുള്ള സമയം അയിട്ടില്ലെന്നായിരുന്നു മുൻ ജനറൽ സെക്രട്ടറിയുടെ മറുപടി. കെ സുരേന്ദ്രൻ സ്ഥാനം ഏറ്റെടുത്ത് അധികം നാളായിട്ടില്ല. ഒരു സംസ്ഥാന അദ്ധ്യക്ഷനെ വിലയിരുത്താൻ ഈ കാലയളവൊന്നും മതിയാകില്ല. നല്ലൊരു നേതൃത്വം ആവണമെങ്കിൽ അനുഭവസമ്പത്തും പ്രവർത്തന പരിചയും വേണം.അതിന് സമയം എടുക്കും അപ്പോളാവട്ടെ വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു.

ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയം വളരെ എളുപ്പത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. രണ്ടുകൂട്ടർക്കും ഇതിന് താൽപ്പര്യം വേണം. അല്ലാതെ ഒരാൾ മാത്രം മുന്നിട്ടിറങ്ങിയിട്ട് കാര്യമില്ല.അവനവന്റെ കഴിവുകൾ മനസിലാക്കുന്നില്ല എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല.വളരെ എളുപ്പം പരിഹരിക്കാവുന്ന വിഷയങ്ങൾ വഷളാകാതെ നോക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരം തന്റെ മനസ്സിൽ ഇല്ലെന്നും ബിജെപി മുൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി.