തിരുവനന്തപുരം: മെയ് രണ്ടിന് സ്പീക്കർ പദവിയിൽ നിന്നും പി ശ്രീരാമകൃഷ്ണൻ വിരമിക്കേണ്ടി വരും. കാലാവധി തീർന്ന് അദ്ദേഹം പടിയിറങ്ങുമ്പോൾ ഭാവി സിപിഎം ലീഡറായി കണ്ടിരുന്ന സ്ഥാനത്തു നിന്നും ഏറെ അകലെയാണ് അദ്ദേഹം. രാഷ്ട്രീയമായി തിരിച്ചടികളേറ്റ് രാഷ്ട്രീയത്തിസൽ നിന്നും വിരമിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയോ എന്നു ചോദ്യച്ചാൽ അങ്ങനെ പറയേണ്ട അവസ്ഥ. സ്വർണ്ണക്കടത്തു കേസ് പി ശ്രീരാമകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ കളങ്കമായി മാറുകയാണ്.

മുൻകാലങ്ങളിൽ സ്പീക്കർ കസേരയിൽ ഇരുന്നവർക്കൊന്നും പിൽക്കാലത്ത് ശോഭിക്കാൻ സാധിച്ചിരുന്നില്ല. പി ശ്രീരാമകൃഷ്ണന്റെ കാര്യവും അതു തന്നെയാണ്. വിവാദങ്ങൾക്ക് നടുവിലാണ് അദ്ദേഹം പടിയിറങ്ങാൻ പോകുന്നത്. സ്വ്പന സുരേഷിന്റെ മൊഴികൾ അടക്കം അദ്ദേഹത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി നിൽക്കുന്നു. ഈ ഭീഷണിയെ അദ്ദേഹം എങ്ങനെ നേരിടും എന്നതാണ് ഇനി അറിയേണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ 11- ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കസ്റ്റംസ് നിർദ്ദേശം നൽകിയിരുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് നോട്ടിസ് നൽകിയത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ, സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് മുന്നിൽ ഹാജരായില്ല.

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്‌ളാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്‌പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

സിഎം ഓഫിസിൽ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവർ. സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കർക്കർക്ക് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.

ഇങ്ങനെ പി ശ്രീരാമകൃഷ്ണൻ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങൾ മുന്നിൽ നിൽക്കവേയാണ് പി ശ്രീരാമകൃഷ്ണനെതിരെ സൈബർ ഇടത്തിലും ഒരു വ്യാജ പ്രചരണം രൂപം കൊണ്ടത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തിലായിരുന്നു ഈ പ്രചരണം. പേരുവെളിപ്പെടുതെ പ്രചരണം നടത്തിയ ഈ വ്യക്തികൾക്കതെിരെ ഫസ്ബുക് ലൈവിൽ ശ്രീരാമകൃഷ്ണൻ. തന്റെ കുടുംബം തകരുകയോ, താൻ ആത്മഹത്യ ചെയ്യേണ്ടതോ ആയ കാര്യമില്ല എന്ന് ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനും ഹാജരായില്ലായിരുന്നു. അസുഖമുള്ളതിനാൽ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നൽകിയിരിക്കുന്ന വിശദീകരണം.

ഫേസ്‌ബുക് വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചുവടെ:

'ആത്മഹത്യയുടെ മുന്നിൽ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല ഞാൻ. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജൻസിയുടെ മുൻപിലും എപ്പോൾ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങൾ നൽകാവുന്നതാണ്. അവർ ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അതിന്റെ ചിട്ടവട്ടങ്ങൾ കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാർഥ്യമാക്കുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പ്രതീക്ഷിക്കുന്ന, മരണം ആഗ്രഹിക്കുന്ന തരത്തിലെ പ്രചാരണം നടക്കുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ, ആക്രമണമായി ഞാൻ അതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാൻ പറയുന്നു, നിങ്ങൾ അതിൽ പരാജയപ്പെടും, എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വേരിലുമാണ് ഞാൻ നിൽക്കുന്നത്,' ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ക്രൈം നന്ദകുമാറാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തിൽ വീഡിയോയുമായി രംഗത്ത് എത്തിയത്. സ്വപ്നയുമായുള്ള ബന്ധം പുറത്ത് വന്നതോടെ ഭാര്യയും മക്കളുമായി കലഹം ഉണ്ടാവുകയും മരണത്തിലേക്കുള്ള പാത തിരഞ്ഞൈടുത്തു എന്നുമാണ് ക്രൈം നന്ദകുമാർ പുറത്ത് വിട്ടത്. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പേടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ക്രൈം നന്ദകുമാർ പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത്.

സ്വപ്നയുമായുള്ള ബന്ധം അതിഭീകരമായ പ്രശ്നം വീട്ടിൽ സൃഷ്ടിച്ചെന്നും നന്ദകുമാർ വീഡിയോയിൽ പറയുന്നു. ഇതിനെതിരെയാണ് ഫേസ്‌ബുക്കിൽ മറ്റൊരു വീഡിയോയുമായി പി ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നത്.