കൊച്ചി: കടമ്പ്രയാർ മാലിന്യ വിഷയത്തിൽ പി ടി തോമസിനെതിരെ നിയമനടപടിയുമായി കിറ്റെക്‌സ് കമ്പനി. നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി ടി തോമസിന് വക്കീൽ നോട്ടീസ് അയക്കുമെന്ന് കമ്പനി എംഡി സാബു എം ജേക്കബ് പറഞ്ഞു. എംഎൽഎക്ക് മാലിന്യ വിഷയത്തിൽ ഒന്നും തെളിയിക്കാൻ കഴിയില്ലെന്ന വെല്ലുവിളി സാബു ജേക്കബ് ആവർത്തിച്ചു.

കിറ്റെക്‌സിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് പി ടി തോമസ് വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് സാബു എം ജേക്കബ് വക്കീൽ നോട്ടീസ് അയക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത്. വാർത്താ സമ്മേളനത്തിൽ കിറ്റകസ് കമ്പനി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പി ടി തോമസ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ഉണ്ടെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ആണ് ഇതെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ താൻ ഇത് ചൂണ്ടിക്കാട്ടിയിരുന്നെന്നും പി ടി തോമസ് പറഞ്ഞു. ഇതേ തുടർന്നാണ് തനിക്കെതിരെ മൂന്ന് മാസത്തിനിപ്പുറം ട്വന്റി ട്വന്റി സ്ഥാനാർത്ഥിയെ നിർത്തിയതെന്നാണ് പി ടി യുടെ ആരോപണം.

തന്റെ ബോധ്യത്തിലാണ് കടമ്പ്രയാർ വിഷയത്തിൽ ഇടപെട്ടതെന്ന് പറഞ്ഞ പി ടി തോമസ് കമ്പനി അടച്ച് പൂട്ടിക്കാനല്ല മറിച്ച് നിയമ പ്രകാരം പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി. കിറ്റെക്‌സ് മാലിന്യം സർക്കാർ സംവിധാനങ്ങൾ നേരത്തെ കണ്ടെത്തിയ റിപ്പോർട്ടുകളും പി ടി തോമസ് പുറത്ത് വിട്ടു.

ഇക്കഴിഞ്ഞ ജൂൺ 1നാണ് കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നുവെന്ന് പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പെ തിരുപ്പൂരിൽ കോടതികൾ ഇടപെട്ട് അടപ്പിച്ച കിറ്റക്സിന്റെ പ്ലാന്റുകൾ കിഴക്കമ്പലത്ത് സ്ഥാപിച്ച് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കടമ്പ്രയാർ ഒഴുകുന്ന തൃക്കാക്കരയിലെ എംഎൽഎ കൂടിയായ പി ടി തോമസ് ആരോപിച്ചത്.

തൃക്കാക്കര ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലെ ജലാശയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കടമ്പ്രയാർ വൻ തോതിൽ മലിനീകരിക്കപ്പെടുകയാണെന്നും ഇതിന് പിന്നിൽ കിറ്റക്‌സ് ആണെന്നുമായിരുന്നു പിടി തോമസിന്റെ ആരോപണം. കടമ്പ്രയാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പി ടി തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനായി മറുപടിയായി അന്ന് പറഞ്ഞത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസിന് കടുത്ത വെല്ലുവളി ഉയർത്തിയ ട്വന്റി ട്വന്റിയാണ്. ഇടതുപക്ഷത്തിന് വേണ്ടിയാണ് ട്വന്റി ട്വന്റി മ്തസരിച്ചതെന്ന ആരോപണം നേരത്തെ പിടി തോമസ് ഉന്നയിച്ചിരുന്നു. ഇതിനെ മറികടന്നായിരുന്നു പിടിയുടെ ജയം. ഇതിന് ശേഷമാണ് കടമ്പ്രയാർ മലീനികരണം പിടി ചർച്ചയാക്കിയത്. എന്നാൽ കിറ്റെക്സിനെതിരെ എംഎൽഎ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ ശുദ്ധ നുണയും അസംബന്ധവുമാണെന്നു തറപ്പിച്ചു പറഞ്ഞാണ് കിറ്റക് എംഡി സാബു വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഏഴു ദിവസമാണ് സമയപരിധി. ഇതു തെളിയിക്കാൻ രേഖകളില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും എംഎൽഎയെ സാബു വെല്ലുവിളിച്ചിരുന്നു.

ഇതേത്തുടർന്നാണ് പിടി തോമസ് 50 കോടി വേണ്ടെന്ന മറുപടിയുമായി എത്തിയത്. തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പി ടി തോമസ്. 13 വർഷം കഴഞ്ഞിട്ടും കിറ്റെക്‌സ് കമ്പനി സുപ്രീംകോടതി നിഷ്‌കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്നും കടമ്പ്രയാർ നദി വലിയ തോതിൽ മലിനപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് കടമ്പ്രയാർ നദി. നദിയിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ഗുരുതരമായി ബാധിക്കും.കിറ്റെക്‌സ് കമ്പനി സുപ്രീംകോടതി നിഷ്‌കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ലഭിച്ച മറുപടിയിൽ വ്യക്തമാണ്.

കടമ്പ്രയാർ നദി അതീവ ഗുരുതരമായ ഭീഷണി നേരിടുന്നതായി ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന ഉടമയുടെ വാദം തെറ്റാണ്. കിറ്റെക്‌സ് കമ്പനിയിൽ നിന്നുള്ള മാലിന്യം കടമ്പ്രയാർ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ചൂണ്ടികാണിച്ചിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനും മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഈ നടപടികളിലേക്ക് ഞാൻ കടന്നത്. എന്നാൽ കമ്പനിക്കെതിരേ ഞാൻ പ്രവർത്തിച്ചതുകൊണ്ടാണ് എനിക്കെതിരേ സ്ഥാനാർത്ഥിയെ നിർത്തി പ്രതികാരം ചെയ്യാൻ നോക്കിയത്. എന്നാൽ ഇപ്പോൾ പറയുന്നത് തിരഞ്ഞെടുപ്പിൽ എനിക്കെതിരേ സ്ഥാനാർത്ഥിയെ നിർത്തിയതുകൊണ്ട് ഞാൻ വിരോധം തീർക്കുകയാണെന്നാണ്. 250 പേർ മാത്രം ജോലി ചെയ്യുന്ന ഡൈയിങ് ആൻഡ് ബ്ലീച്ചിങ് കമ്പനി അടച്ചുപൂട്ടാനല്ല പകരം രാജ്യത്തെ നിയമം നിഷ്‌കർഷിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായാണ് പ്രവർത്തിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

എറണാകുളത്താണ് യു ഡി എഫിന് ഏറ്റവും കൂടുതൽ സീറ്റ് കിട്ടാറുള്ളത്. ആ സീറ്റുകളിലേക്കാണ് ട്വന്റി ട്വന്റി ആൾക്കാരെ നിർത്തിയത്. ട്വന്റി ട്വന്റി ഇത് പിണറായി വിജയന്റെ ബി ടീം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്നും പിടി തോമസ് ചൂണ്ടിക്കാണിച്ചു.