കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിബന്ധങ്ങളോട് പടപൊരുതി വിജയിച്ചു വന്ന നേതാക്കളുടെ കൂട്ടത്തിലാണ് അണികളുടെ പ്രിയങ്കരനായ പി ടി തോമസ്. തീർത്തും സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയും തികഞ്ഞ പോരാളിയും. എല്ലാവരും രാഷ്ട്രീയത്തിൽ എഴുതി തള്ളിയ ഘട്ടത്തിലാണ് അദ്ദേഹം വീണ്ടും അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ സ്വന്തം ശാരീരികാവസ്ഥയിൽ അൽപ്പം മോശം ആരോഗ്യ സ്ഥിതിയിൽ ആണെങ്കിലും പോരാളിയായ പി ടി അടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.

നട്ടെല്ലിന് അർബുദബാധ സ്ഥിരീകരിച്ചതാണ് തൃക്കാക്കര എംഎൽഎ പി ടി തോമസിന് ഇപ്പോൾ വെല്ലുവിളിയായിരിക്കുന്നത്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു ശീലിച്ച നേതാവ് ഇപ്പോൾ സ്വകാര്യമായി വെല്ലൂർ മെഡിക്കൽ കോളേജിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. നട്ടെല്ലിനെ ബാധിച്ചിരിക്കുന്ന ക്യാൻസർ വ്യാപിച്ചിരിക്കുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്. സംസ്ഥാന കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയാണ് പി ടി തോമസ്. അദ്ദേഹത്തിന്റെ ആരോഗ്യം കോൺഗ്രസ് പാർട്ടിക്കും ഏറെ മുഖ്യമാണ് താനും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിക്കുന്നതിന് കോൺഗ്രസ് നേതൃത്വം പരിശ്രമിച്ചത്. അതിന് വേണ്ട ശ്രമങ്ങളെല്ലം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ശ്രമിച്ചിരുന്നു. എങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിൽ തുടരാനാണ് പി ടി തോമസ് താൽപര്യം പ്രകടിപ്പിച്ചത്. ഇപ്പോൾ വെല്ലൂരിൽ ചികിത്സയിൽ കഴിയുകയാണ് പി ടി തോമസ്.

പി ടി തോമസിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ആശങ്ക ജനകമായ, ആധികാരിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് എഴുപത്തിയൊന്ന് വയസായി. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റാണ്. എന്തെങ്കിലും ഒരു നേട്ടത്തിന് വേണ്ടിയോ താൽപര്യത്തിന് വേണ്ടിയോ നിലപാട് എടുക്കുന്ന ആളല്ല പി ടി തോമസ് എന്നതിനാൽ ജനകീയനായ നേതാവ് കൂടിയാണ് അദ്ദേഹം. ട്വന്റി 20യുമായി ധാരണ ഉണ്ടാക്കി സിപിഎം തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കാൻ നീക്കം നടത്തിയിട്ടും മണ്ഡലം ഇത്തവണ കോൺഗ്രസ് നിലനിർത്തിയത് പി ടി തോമസിന്റെ ജനകീയ മികവിലൂടെയാണ്.

കോൺഗ്രസ് പുനഃ സംഘടനയിൽ അദ്ദേഹം വർക്കിങ് പ്രസിഡന്റുമായിരുന്നു. നട്ടെല്ലിൽ കാൻസർ ബാധിച്ച് പത്ത് ദിവസത്തോളം മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥയിൽ മറ്റ് ചില കുഴപ്പങ്ങളുമുണ്ട്. അദ്ദേഹം ബൈപ്പാസ് സർജറി കഴിഞ്ഞ ആളാണ്. സ്റ്റെന്റ് ഇട്ടിട്ടുണ്ട്. ശരീരത്തിന് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നട്ടെല്ലിനെ ബാധിച്ചിരിക്കുന്ന ക്യാൻസർ രോഗം പരക്കുന്നു എന്നത് ആശങ്ക ജനകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളിൽ ഒക്കെ പരിഹാരം ഉണ്ടാക്കി കീമോ ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണ് പി ടി തോമസ് തികഞ്ഞ പോരാളായിയ പി ടി തോമസ്. രാഷ്ട്രീയ എതിരാളികളോട് ഊർജ്ജസ്വലനായി പോരാടുന്ന നേതാവാണ പി ടി. അതേ ശൈലിയിൽ തന്നെ കാൻസറിനെയും പോരാടി തോൽപ്പിക്കാനാണ് പി ടിക്ക് ഇഷ്ടം. പത്ത് ദിവസത്തിൽ അധികമായി പി ടി തോമസ് ചികിത്സയിൽ കഴിയുകയാണ്. കീമോതെറാപ്പി ചികിത്സ ആരംഭിക്കാൻ വേണ്ട ശാരീരിക സൗഖ്യം അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം സഹപ്രവർത്തകരുമായി സംഭാഷണം നടത്തുന്നുണ്ട്. സന്ദർശനം നടത്തുന്നുണ്ട്. ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. നട്ടെല്ലിന് ബാധിച്ചിരിക്കുന്ന അർബുദം വ്യാപിക്കുന്നു എന്ന റിപ്പോർട്ട് എല്ലാവരേയും ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷെ ആത്മവിശ്വാസം കൊണ്ട് അദ്ദേഹത്തിന് ഇത് മറികടക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

പല നേതാക്കളും ഇത്തരം രോഗാവസ്ഥകൾ സ്വകാര്യമാക്കി വെക്കാനാണ് അഗ്രഹിക്കാറ്. കോടിയേരി ബാലകൃഷ്ണന് അർബുദം ബാധിച്ച വിവരം അദ്ദേഹം തുറന്നു പറയുമ്പോഴാണ് പാർട്ടി പ്രവർത്തകർ അടക്കം അറിയുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തുകൊണ്ടുപോയത്. സോണിയ ഗാന്ധിക്ക് അർബുദം ബാധിച്ചിരുന്നു. പിണറായി വിജയന് അർബുദം ബാധിച്ചിരുന്നു. അവരൊക്കൈ ഇച്ഛാശക്തികൊണ്ട് അതിനെ നേരിട്ടവരാണ്. രോഗാവസ്ഥ മറച്ചുവയ്ക്കേണ്ട കാര്യമില്ല. രോഗവിവരം ജനങ്ങൾ അറിയുമ്പോൾ അവരുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകും. കഠിനമായ വിശ്വാസം ഉണ്ടെങ്കിൽ ഏതൊരു രോഗാവസ്ഥയും തരണം ചെയ്യാൻ പറ്റുമെന്നത് പലതവണ തെളിയിക്കപ്പെട്ടതാണ്. ശാസ്ത്രത്തെ ആശ്രയിക്കുക, ആധുനിക ചികിത്സാ രീതിയെ ആശ്രയിക്കുക. ഒപ്പം രോഗാവസ്ഥയെ ആത്മവിശ്വാസത്തോടെ നേരിടുക എന്നതാണ് പ്രധാനം.

പി ടി തോമസ് സാധാരണ ജെനുസിൽപ്പെട്ട രാഷ്ട്രീയക്കാരനല്ല. നമ്മുടെ നാട്ടിൽ ഇത്രയേറെ ആർജ്ജവമുള്ള വളരെ കുറച്ച് രാഷ്ട്രീയക്കാരെ ഉള്ളു. അദ്ദേഹം അഴിമതിക്കാരനല്ല. അദ്ദേഹം ആരുടേയും ദയവിന് വേണ്ടി കാത്തുനിന്നിട്ടില്ല. ഒരു കോൺഗ്രസ് നേതാക്കൾ സാധാരണ അതേ സീറ്റിൽ തുടരുന്നതാണ് കണ്ടിട്ടുള്ളത്. ജയിച്ചവനെ മാറ്റുന്ന രീതിയില്ല. ജയിക്കുന്ന മണ്ഡലത്തിൽ നിന്നും ഒഴിയേണ്ടി വന്നയാൾ കെ സി ജോസഫാണ്. കോട്ടയത്ത് മത്സരിക്കാൻ അവസരം ലഭിക്കും എന്ന് കരുതിയാണ് ഇരിക്കൂറിൽ നിന്നും മാറാൻ തയ്യാറായത്.

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഏറ്റവും നല്ല ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും പി ടി തോമസിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും മാറ്റി നിർത്തുകയുണ്ടായി. കസ്തൂരി രംഗൻ വിഷയത്തിൽ സഭയുടെ കണ്ണിലെ കരടായതോടെ പി ടി തോമസിന് മണ്ഡലത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. കർഷകന്റെ പേരു പറഞ്ഞ് കർഷകരെ മുതലെടുക്കുന്ന സിപിഎമ്മിന് എതിരെയാണ് അന്ന് പി ടി തോമസ് നിലപാട് എടുത്തത്. നിർഭാഗ്യവശാൽ സഭ ആ കെണിയിൽ വീണുപോയി.

പ്രകൃതിയെ സംരക്ഷിക്കണം എന്നത് വ്യക്തമാക്കിയാണ് അദ്ദേഹം കസ്തൂരി രംഗൻ റിപ്പോർട്ടിനെ ഭാഗീകമായി അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നാൽ അദ്ദേഹം കസ്തൂരി രംഗന്റെയും പരിസ്ഥിതിയുടേയും ആളാണ്. കർഷകർക്ക് എതിരാണ് എന്ന വ്യാജപ്രചാരണം നടത്തി ശവമഞ്ച ഘോഷയാത്ര വരെ നടത്തി സഭയും സഭ സംവിധാനവും. മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന സിപിഎമ്മിന്റെ ഇടപെടലുകളായിരുന്നു ഇതിന് പിന്നിൽ.

മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ചരിത്രത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ആ തിരഞ്ഞെടുപ്പിൽ പി ടി തോമസിന് മാത്രമാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. പകരം വന്ന ഡീൻ കുര്യാക്കോസ് സിപിഎം ഒരുക്കിയ കെണിയിൽ വീണുപോയി. പി ജെ ജോസഫിനെ തൊടുപുഴയിൽ തോൽപ്പിച്ച ആളാണ് പി ടി തോമസ് എന്നത് കൂടി ഓർക്കേണ്ടതാണ്.

തൃക്കാക്കരയിൽ സകല സംവിധാനങ്ങളും ഒരുക്കി കിറ്റെക്സ് അടക്കം പി ടി തോമസിനെതിരെ എതിർത്തിട്ടും പി ടി തോമസ് ജയിച്ചു കയറി. ജനകീയനായ പി ടി തോമസ് പല തവണ എംഎൽഎയായി. ഒരു തവണ എംപിയായി. എന്നാൽ ഒരു തവണ പോലും മന്ത്രിയായിട്ടില്ല. പരാതിയില്ലാത്ത, തികഞ്ഞ മതേതര വാദിയായ നേതാവാണ് അദ്ദേഹം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പി ടി തോമസ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് പടിപടിയായി ഉയർന്ന് ഇപ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തും എത്തി.

കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസിന് സംസ്ഥാനത്ത് പുത്തൻ ഉണർവ്വു നൽകാനുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തു വരികയാണ്. ഈ ടീമിൽ നിർണായക റോളിലാണ് പി ടി തോമസ്. അദ്ദേഹം കാൻസറിനെയും തോൽപ്പിച്ച് അണികൾക്കൊപ്പം സജീവമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.