നിലമ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനു ശേഷം ബിസിനസ് ആവശ്യങ്ങൾക്കായി വീണ്ടും ആഫ്രിക്കയിലേക്ക് പോയി നിലമ്പൂർ എംഎൽഎ പിവി അൻവർ. 20000 കോടിയുടെ വജ്രഖനനത്തിന് വേണ്ടിയാണ് പി വി അൻവർ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക് പോയത്. അതേസമയം എംഎൽഎയുടെ ആഫ്രിക്കൻ സഫാരി ലീഗുകാർ ആയുധമാക്കി തുടങ്ങി.

എംഎൽഎക്ക് നിവേദനം നൽകാനെത്തിയ എംഎസ്എഫ് പ്രവർത്തകർ ആൾ നാട്ടിലില്ലെന്നറിഞ്ഞതോടെ നിലമ്പൂരിലെ എംഎൽഎ ഓഫീസിലെ ചുവരിൽ നിവേദനം ഒട്ടിച്ച് പ്രതിഷേധിച്ചു. എംഎൽഎക്ക് നിവേദനം നേരിട്ട് കൊടുക്കാനാണ് തങ്ങൾ വന്നതെന്നും ദിവസങ്ങളായി എംഎൽഎയുടെ സാന്നിധ്യം പോലുമില്ലാത്ത ഓഫീസിൽ എന്തിനാണ് നിവേദനം നൽകുന്നതെന്നാണ് എംഎസ്എഫ് പ്രവർത്തകർ ചോദിക്കുന്നത്.

എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക് നിർത്തലാക്കിയതിനെതിരെ നിവേദനം കൊടുക്കാനെത്തിയതായിരുന്നു എംഎസ്എഫ് പ്രവർത്തകർ. നിവേദനം എല്ലാ എംഎൽഎമാർക്കും നേരിട്ട് കൊടുക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ നിലമ്പൂർ എംഎൽഎ ഓഫീസിലെത്തിയപ്പോൾ പിവി അൻവർ സ്ഥലത്തില്ല. ആഫ്രിക്കയിലാണെന്നറിഞ്ഞു. തുടർന്നാണ് നിവേദനം ഓഫീസിലെ ചുമരിൽ ഒട്ടിച്ചത്. എന്നാൽ എംഎൽഎ സ്ഥലത്തില്ലെങ്കിലും നിവേദനവും മറ്റും നൽകാൻ ഓഫീസിൽ സംവിധാനമുണ്ടെന്നാണ് സിപിഐഎം പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നതിനു മുമ്പ് രണ്ടരമാസം ആഫ്രിക്കയിൽ തന്നെയായിരുന്നു പിവി അൻവർ. പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിയിലാണ് എംഎൽഎ ഉള്ളത്. ഇവിടെ വലിയൊരു ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നിരവധി മലയാളികൾക്കുൾപ്പെടെ ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും നേരത്തെ പിവി അൻവർ പറഞ്ഞിരുന്നു. തന്റെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകൾ വർധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എംഎൽഎ വിശദീകരിച്ചിരുന്നു.

20,000 കോടി മുതൽമുടക്കിയുള്ള സ്വർണ-വജ്ര ഖനനമാണ് പദ്ധതിയെന്നും ഇതിലൂടെ 25,000 പേർക്ക് തൊഴിൽ നൽകാനാവുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. 2018ൽ പോയപ്പോൾ ആഫ്രിക്കയിൽ നിന്നുള്ള ഒരു ബിസിനസുകാരനെ പരിചയപ്പെട്ടു. ഇതാണ് ന്നെ സിയറ ലിയോണിൽ എത്തിച്ചതെന്നാണ് അൻവർ പറയുന്നത്. 25,000 ആളുകൾക്ക് തൊഴിൽ നൽകാൻ തനിക്ക് ഇതിലൂടെ സാധിക്കുമെന്നാണ് അൻവർ അവകാശപ്പെട്ടത്. കേരളത്തിൽ നിന്ന് 6000 ആളുകൾക്ക് തൊഴിൽ നൽകും. 20,000 കോടി രൂപയുടെ പ്രൊജക്ടാണിത്. ഇതിൽ 30 ശതമാനം പാർട്ട്നെർഷിപ്പാണ് ഉള്ളതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.