തിരുവനന്തപുരം: ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട നടപടിയെ പരിഹസിച്ച് പി വി അൻവർ എംഎൽഎ.ഹരിത എന്ന ചെറുകഥയുടെ രൂപത്തിലായിരുന്നു വിമർശനം. ഹരിത നല്ലവളായിരുന്നു, പക്ഷെ അവളെ വേശ്യയെന്ന് വിളിച്ചവർക്കെതിരെ പരാതി നൽകിയത് പെണ്ണിനെ വെറും ചെമ്പിന്റെ മൂടിയായി കാണുന്നവരോടെന്ന് അൻവർ വിമർശിച്ചു.

അൻവർ പറഞ്ഞത് ഇങ്ങനെ;

ചെറുകഥ ഹരിത

അവൾ നല്ലവളായിരുന്നു..പക്ഷേ..നവാസ് സാഹിബിനൊട്ടും ഇഷ്ടപ്പെട്ടില്ല..

അവൻ അവളെ വേശ്യയെന്ന് വിളിച്ചു..അവൾ പരാതിപ്പെട്ടു..ചെന്ന് പരാതി പറഞ്ഞതോ..പെണ്ണിനെ വെറും ചെമ്പിന്റെ മൂടിയായി കാണുന്നവരോട്..

അതോടെ..കഥ കഴിഞ്ഞു..പ്രിയപ്പെട്ട ഹരിതയ്ക്ക് ആദരാഞ്ജലികൾ.

എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്..

ലീഗിന്റെ നടപടിക്കെതിരെ വ്യപകവിമർശനം ഉയരുകയാണ്. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചു. സ്ത്രീകൾക്ക് പരാതി നൽകാൻ പോലും സ്വാതന്ത്ര്യം ലീഗ് നൽകുന്നില്ല. ആധുനിക സമൂഹത്തിന് അപമാനമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇത്തരം പിരിച്ചുവിടലിലൂടെ സ്വതന്ത്ര അഭിപ്രായം ഇല്ലാതാക്കാൻ കഴിയില്ല. സ്ത്രീവിരുദ്ധ സന്ദേശമാണ് ലീഗ് നൽകുന്നത്. ഇത് ലീഗിന്റെ ആഭ്യന്തര കാര്യമല്ലെന്നും കേരളം ചർച്ച ചെയ്യേപ്പെടേണ്ടതാണെന്നും എഎ റഹീം വ്യക്തമാക്കി.

ഒരു സംഘടനയുടെ ആഭ്യന്തര ജനാധിപത്യം പോലും ലീഗ് നേതൃത്വം അംഗീകരിക്കുന്നില്ല. ലീഗിനെ ആദർശധീരന്മാർ എവിടെ. എംകെ മുനീർ എവിടെ. മുഹമ്മദ് ബഷീർ എവിടെ. ഇവരൊക്കെയാണല്ലോ പലപ്പോഴും ആദർശം പ്രസംഗിക്കാറ്. കേരള ജനതയ്ക്ക് അപമാനമാണ് തീരുമാനം. ലീഗിന്റെ സ്ത്രീവിരുദ്ധത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇത് സമൂഹം ചർച്ച ചെയ്യപ്പെടണം. ഹരിതയുടെ പ്രവർത്തകർ നടത്തിയത് വിപ്ലവകരമായ നീക്കമാണ്. അവർ ഉയർത്തിയ ശബ്ദം മാതൃകാപരമാണെന്നും റഹീം പറഞ്ഞു.

ഇന്ന് മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം ഹരിത നേതാക്കൾ തുടർച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം അറിയിച്ചു.