ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനർനിർമ്മിച്ചു നൽകണമെന്ന് പാക്‌സുപ്രീം കോടതി ഉത്തരവ്. ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിക്കണം എന്ന് കോടതി നിർദേശിച്ചിരിക്കുന്നത്. ഡിസംബർ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹംസ്ജി മഹാരാജ് സമാധിയും കൃഷ്ണ ദ്വാര മന്ദിറും അക്രമികൾ തകർക്കുകയും തീവെക്കുകയും ചെയ്തത്.

ക്ഷേത്രം തകർക്കപ്പെട്ട സംഭവത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സാമാജികനായ രമേഷ് കുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് കേസിൽ ജനുവരി അഞ്ചിന് വാദം കേൾക്കാൻ നിശ്ചയിക്കുകയും ചെയ്തു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ക്ഷേത്രം പുനർ നിർമ്മിച്ചുനൽകണമെന്ന് കോടതി ഉത്തരവിട്ടത്.

ക്ഷേത്രപുനർനിർമ്മാണം ഉടർ ആരംഭിക്കാനും നിർമ്മാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തോടും മതകാര്യ വകുപ്പിനോടും (അഖഫ്) കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രം തകർത്തവരിൽനിന്ന് പുനർനിർമ്മാണത്തിന്റെ ചെലവ് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ ക്ഷേത്രങ്ങളുടെ എണ്ണം, അഖഫിന്റെ കീഴിലുള്ള വസ്തുവകകൾക്കു മേൽ നടന്നിട്ടുള്ള കൈയേറ്റം, ഭൂമി കൈയേറ്റത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ട് ഹാജാരാക്കാനും കോടതി നിർദേശിച്ചു. പാക്കിസ്ഥാനിലെ എല്ലാ ക്ഷേത്രങ്ങളും അഖഫ് വകുപ്പിന്റെ കീഴിലാണ്.

ക്ഷേത്രം തകർത്ത സംഭവത്തിൽ 14 പേരെ പാക്കിസ്ഥാൻ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാക്‌സ്താനിലെ ജംഇയത്ത് ഉലമ ഇ ഇസ്ലാം എന്ന സംഘടനയുടെ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ന്യൂനപക്ഷാവകാശം സംബന്ധിച്ച സുപ്രീം കോടതിയുടെ ഏകാംഗ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.