ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ആധികാരിക ജയവുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാൻ 2-0ന് സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം തിങ്കളാഴ്ച നടക്കും.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിൽ ഫഖർ സമന്റെയും മുഹമ്മദ് റിസ്വാന്റെയും ബാറ്റിങ് മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ലക്ഷ്യത്തിലെത്തി. സ്‌കോർ ബംഗ്ലാദേശ് 20 ഓവറിൽ 108-7, പാക്കിസ്ഥാൻ 18.1 ഓവറിൽ 109-2.

സ്‌കോർ ബോർഡിൽ അഞ്ച് റൺസെത്തിയപ്പോഴേക്കും ഓപ്പണർമാരായ മൊഹമ്മദ് നയീമിനെയും(2), സൈഫ് ഹസനെയും(0) നഷ്ടമായ ബംഗ്ലാദേശിനെ നജിമുൾ ഹൊസൈൻ ഷാന്റോയും(34 പന്തിൽ 40), ആഫിഫ് ഹൊസൈനും(21 പന്തിൽ 20) ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ബംഗ്ലാദേശിന് 50 കടത്തിയെങ്കിലും ഷദാബ് ഖാൻ ഇരുവരെയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ തകർച്ചയും തുടങ്ങി. ക്യാപ്റ്റൻ മെഹമ്മദുള്ള(12), നൂറുൾ ഹസൻ(11) എന്നിവർക്കും ഒന്നും ചെയ്യാനായില്ല.

പാക്കിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി നാലോവറിൽ 15 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ഷദാബ് ഖാൻ നാലോവറിൽ 22 റൺസിന് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്, മൊഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ബാബർ അസമിനെ(1) തുടക്കത്തിലെ നഷ്ടമായെങ്കിലും റിസ്വാനും സമനും ചേർന്ന് പാക്കിസ്ഥാന്റെ വിജയത്തിനുള്ള അടിത്തറയിട്ടു.

12 റൺസിൽ ബാബറിനെ നഷ്ടമായ പാക്കിസ്ഥാനെ ഇരുവരും ചേർന്ന് 97 റൺസിലെത്തിച്ച് വിജയമുറപ്പാക്കിയശേഷമാണ് വേർപിരിഞ്ഞത്. 45 പന്തിൽ 39 റൺസെടുത്ത റിസ്വാൻ പുറത്തായെങ്കിലും 51 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്ന ഫഖർ സമനും ആറ് റൺസുമായി ഹൈദർ അലിയും പാക്കിസ്ഥാനെ വിജയവര കടത്തി.