കറാച്ചി: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13 വയസുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ രക്ഷപ്പെടുത്തി. പെൺകുട്ടിയെ വിവാഹം കഴിച്ച 44 വയസുകാരനായ വ്യക്തിയിൽ നിന്നുമാണ് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നു ഇയാൾ. ഈ ഒക്ടോബർ 13 നാണ് ഈ കൊച്ചു പെൺകുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങൾക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സർട്ടിഫിക്കറ്റുണ്ടാക്കി ഭർത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു.

തുടർന്ന് കറാച്ചിയിലും ലാഹോറിലും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് നടന്നത്. പക്ഷെ, വിവാഹ സർട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെൺകുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു. വിചാരണയ്ക്കിടയിൽ ആർസൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാൻ ശ്രമിച്ചപ്പോൾ ഭർത്താവെന്ന് അവകാശപ്പെടുന്ന 44 കാരൻ അവളുടെ കൈയിൽ പിടിച്ചു വലിക്കുകയായിരുന്നു.

മാതാപിതാക്കൾ ജോലിക്ക് പോയ നേരത്ത് കറാച്ചി റെയിൽവേ കോളനിയിലെ വീട്ടിൽ നിന്നും തന്റെ മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് ആരോപിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും അവർ നടപടികൾ ഒന്നുമെടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞ് പൊലീസിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കുട്ടി തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചെന്നും ഭർത്താവിന്റെ കൈവശം വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ്. സെന്റർ ഫോർ ലീഗൽ എയ്ഡ്, അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് എന്ന ക്രിസ്ത്യൻ സംഘടനയുടെ വക്താക്കൾ ആരോപിക്കുന്നു. ഇത്തരത്തിൽ തട്ടിക്കൊണ്ടു പോരുന്ന പെൺകുട്ടികൾ സാധാരണയായി കോടതികളിൽ സ്വമേധയാ മതം മാറിയതാണെന്ന് സമ്മതിക്കാൻ നിർബന്ധിതരാകാറുണ്ട് എന്നും സംഘടന ആരോപിച്ചു.

കേസ് പരിഗണിച്ച ജഡ്ജി അഭിപ്രായപ്പെട്ടത് ആർസു സ്വന്തം ഇഷ്ടപ്രകാരം മതം മാറി എന്നാണ്. കോടതിക്കുള്ളിൽ വച്ച് പോലും തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാൻ ശ്രമിച്ച പെൺകുട്ടിയെ ഭർത്താവ് എന്ന് വിശേഷിപ്പിക്കുന്നയാൾ തടഞ്ഞപ്പോൾ അയാൾക്കെതിരെ ഒരു നടപടിക്കും കോടതി മുതിർന്നില്ല. വിവാഹ സർട്ടിഫിക്കറ്റിൽ പെൺകുട്ടിക്ക് 18 വയസ്സ് എന്നാണ് കാണിക്കുന്നതെങ്കിലും രക്ഷകർത്താക്കൾ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം കുട്ടിക്ക് 13 വയസ്സ് മാത്രമാണ്. അതും കോടതിയുടെ പരിഗണനയിൽ വന്നില്ല. മാത്രമല്ല, കേസിനു പോയശേഷം ആർസുവിന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന ജോലിയും നഷ്ടമായിരുന്നു.

തുടർന്ന് പ്രചാരണ ഗ്രൂപ്പുകളിൽ മറ്റും ശക്തമായ രീതിയിലാണ് പൊതുജനങ്ങളുടെ പ്രതിഷേധവും സമ്മർദ്ദവും ഉണ്ടായത്. അഞ്ചു ദിവസത്തിനകം കൗമാരക്കാരിയെ കണ്ടെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ സിന്ധ് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയ അലി അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാളെ നവംബർ 5ന് സിന്ധ് ഹൈക്കോടതിയിൽ കോടതി വാദം കേൾക്കുന്നതുവരെ 13 വയസുകാരി സംരക്ഷണ കസ്റ്റഡിയിൽ തുടരും.