ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിർബന്ധിത മതംമാറ്റം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ച് യു എൻ കൗൺസിലിൽ ഇന്ത്യ. മത ന്യൂനപക്ഷങ്ങൾക്ക് നേകെയുള്ള ആക്രമണങ്ങളും നിർബന്ധിത മതംമാറ്റവും ഗൗരവകരമായി പരിശോധിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ആവശ്യപ്പെട്ടു.

നിർബന്ധിത മതപരിവർത്തനം പാക്കിസ്ഥാനിൽ നിത്യവുമുള്ള പ്രതിഭാസമാണ്. മതന്യൂനപക്ഷങ്ങളിൽ ഉൾപ്പെടുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി മതംമാറ്റി വിവാഹം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് പെൺകുട്ടികളാണ് ഓരോവർഷവും ഇത്തരത്തിൽ നിർബന്ധിത മതംമാറ്റത്തിനും ആക്രണങ്ങൾക്കും ഇരയാവുന്നത്. പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇന്ത്യൻ നയതന്ത്രപ്രതിനിധി പവൻ ബാധേ മനുഷ്യാവകാശ കമ്മീഷനെ ധരിപ്പിച്ചു.

ക്രിസ്ത്യൻ, അഹമ്മദീയ, സിഖ്, ഹിന്ദു വിഭാഗങ്ങളിലുൾപ്പെടുന്നവരാണ് ഇത്തരത്തിൽ അക്രമങ്ങൾക്ക് ഇരയാവുന്നത്. ഇവരുടെ വിശുദ്ധസ്ഥലങ്ങളും സ്മാരകങ്ങളും തകർക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തീവ്രവാദത്തിന് പിന്തുണയും വളവും നൽകുന്ന പാക്കിസ്ഥാനെതിരെ ലോകരാജ്യങ്ങൾ കൂട്ടായ്മ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎൻ മനുഷ്യാവകാശ സംഘടനയുടെ വാർഷിക റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കശ്മീർ പ്രശ്‌നം ഉന്നയിക്കാനുള്ള പാക്കിസ്ഥാൻ ശ്രമങ്ങൾക്ക് മറുപടിയായാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ ആരോപണങ്ങൾ ഉന്നയിക്കാൻ പാക്കിസ്ഥാൻ യുഎൻ മനുഷ്യാവകാശ സമിതിയെ വീണ്ടും ദുരുപയോഗം ചെയ്തത് ഖേദകരമാണെന്ന് പവൻ ബാധേ പറഞ്ഞു.