ദുബായ്: ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ പാക്കിസ്ഥാൻ ഭേദപ്പെട്ട തുടക്കം. നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 29 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ടോസ് നേടിയ ഓസ്ട്രേലിയ, പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്.

സൂപ്പർ 12 ഘട്ടത്തിൽ തുടർച്ചയായ അഞ്ചു ജയങ്ങളോടെ സെമിയിലെത്തിയ ടീമാണ് പാക്കിസ്ഥാൻ. മാത്രമല്ല യുഎഇയിൽ കളിച്ച കഴിഞ്ഞ 16 ട്വന്റി 20 മത്സരങ്ങളിലും പാക് ടീം തോൽവി അറിഞ്ഞിട്ടില്ല. മുന്നും ഫോമിലുള്ള പാക്കിസ്ഥാനെ പൂട്ടാൻ ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുക.

ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങളിൽ പാക്കിസ്ഥാന് മുന്നിൽ കീഴടങ്ങിയിട്ടില്ലെന്ന ചരിത്രത്തിന്റെ പിൻബലത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.

പ്രാഥമിക ഘട്ടത്തിലെ അഞ്ചു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാൻ കിരീട സാധ്യതയിൽ മുന്നിലുള്ള ടീമാണ്. ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ തോൽപ്പിച്ചതോടെ പാക്കിസ്ഥാന്റെ ആത്മവിശ്വാസം ഉയർന്നു. ഓസ്‌ട്രേലിയ, പ്രാഥമികഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. റൺറേറ്റ് അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് സെമി ഫൈനലിൽ എത്തിയത്.

മുഹമ്മദ് റിസ്വാൻ- ബാബർ അസം ഓപ്പണിങ് ജോഡിതന്നെയാണ് പാക്കിസ്ഥാന്റെ വലിയ കരുത്ത്. അഞ്ച് മത്സരങ്ങളിൽ മൂന്നുവട്ടം ചേസ് ചെയ്തും രണ്ടുവട്ടം ആദ്യം ബാറ്റുചെയ്തും അവർ ജയിച്ചു. മിക്ക മത്സരങ്ങളിലും മധ്യനിരയ്ക്ക് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. സ്‌കോട്‌ലൻഡിനെതിരേ മധ്യനിര പരീക്ഷിക്കപ്പെട്ടപ്പോൾ ഷോയിബ് മാലിക്കും മുഹമ്മദ് ഹഫീസും ഉഗ്രൻ ബാറ്റിങ് കാഴ്ചവെച്ചു. ഷഹീൻ ഷാ അഫ്രിഡി, ഹസ്സൻ അലി, ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവർ ഉൾപ്പെട്ട ബൗളിങ് യൂണിറ്റിനെപ്പറ്റിയും ഇതുവരെ ആശങ്കപ്പെടേണ്ടി വന്നിട്ടില്ല.

ടൂർണമെന്റ് തുടങ്ങുമ്പോൾ നിറംമങ്ങിക്കിടക്കുകയായിരുന്ന ഓപ്പണർ ഡേവിഡ് വാർണർ ഫോമിലേക്ക് തിരിച്ചെത്തിയത് ഓസ്‌ട്രേലിയക്ക് ആശ്വാസം നൽകുന്നു. പക്ഷേ, മധ്യനിരയിലും വാലറ്റത്തിലും അമിത പ്രതീക്ഷയില്ല. മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നീ ലോകോത്തര പേസർമാരും ആദം സാംപ, ഗ്ലെൻ മാക്സ്വെൽ എന്നീ സ്പിന്നർമാരും ചേർന്ന് പാക്കിസ്ഥാന്റെ ബാറ്റിങ്ങിനെ തളച്ചാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ഇതുവരെ പരസ്പരം കളിച്ച 22 മത്സരങ്ങളിൽ 13 എണ്ണത്തിൽ പാക്കിസ്ഥാൻ ജയിച്ചപ്പോൾ ഒമ്പതെണ്ണത്തിൽ ഓസ്‌ട്രേലിയ ജയിച്ചു. ദുബൈയിൽ പരസ്പരം നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയം പാക്കിസ്ഥാനൊപ്പമായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജയക്കണക്കിൽ പാക്കിസ്ഥാനാണ് മുൻതൂക്കം.അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ പാക്കിസ്ഥാൻ ജയിച്ചപ്പോൾ രണ്ടെണ്ണം ഓസീസ് ജയിച്ചു.