കൊച്ചി: പുനർനിർമ്മിച്ച പാലാരിവട്ടം മേൽപാലത്തിൽ ഭാര പരിശോധന ആരംഭിച്ചു. പാലത്തിലെ 35 മീറ്റർ നീളമുള്ള സ്പാനിലും 22 മീറ്റർ നീളമുള്ള സ്പാനിലുമാണു ഭാര പരിശോധന നടത്തുന്നത്. 220 ടൺ ഭാരം 24 മണിക്കൂർ കൊണ്ടു പാലത്തിൽ ലോഡ് ചെയ്യും. ഭാരം നിറച്ച ലോറികൾ കയറ്റിനിർത്തിയാണു പരിശോധന. ഘട്ടം ഘട്ടമായി ഭാരം കൂട്ടുകയും പിന്നീടു കുറച്ചുമാണു പാലത്തിലെ വ്യതിയാനങ്ങൾ നിരീക്ഷിക്കുക.

24 മണിക്കൂർ ഭാരം നിലനിർത്തി അടുത്ത 24 മണിക്കൂറിൽ ഭാരം റിലീസ് ചെയ്യും. ഗർഡറുകൾക്ക് അനുവദനീയമായ പരിധിക്കുള്ളിൽ താഴ്ച സംഭവിക്കുന്നുണ്ടോയെന്നും ഭാരം മാറ്റുമ്പോൾ എത്രത്തോളം പൂർവസ്ഥിതിയിലാകുമെന്നതു (റീബൗണ്ട്) വിലയിരുത്തും.പാലത്തിന്റെ ഡിസൈനിൽ സൂചിപ്പിച്ച പരമാവധി ഭാരം (ഒരു ചതുരശ്ര മീറ്ററിൽ എത്ര ടൺ) വഹിക്കാനുള്ള കഴിവുണ്ടോ എന്നാണു പരിശോധിക്കുന്നത്. ഡിസൈനിലുള്ളയത്ര ഭാരം വഹിക്കാൻ പാലത്തിനു ശേഷിയുണ്ട് എന്നു തെളിഞ്ഞാൽ പരിശോധനാ ഫലം പോസിറ്റീവാകും.

മാർച്ച് 4നു പരിശോധന പൂർത്തിയാകുമെന്നു ഡിഎംആർസി അധികൃതർ പറഞ്ഞു. പാലം 5നു കൈമാറുമെന്നു കാണിച്ചു ഡിഎംആർസി പാലത്തിന്റെ ഉടമസ്ഥതയുള്ള റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷനു (ആർബിഡിസികെ) കത്തു നൽകി. പാലം എപ്പോൾ തുറക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആർബിഡിസികെ തുടർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.