പാനൂർ : പാലത്തായി യുപി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിൽ അന്വേഷണ സംഘത്തിനു നിർണായക തെളിവു ലഭിച്ചു. സ്‌കൂൾ ശുചിമുറിയിലെ ടൈൽസിൽ നിന്നു ലഭിച്ച രക്തക്കറയാണു പ്രധാന തെളിവായത്. അന്വേഷണ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. കേസിൽ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കും. കോടതി വിധി വരും വരെ ഈ കേസിലെ രാഷ്ട്രീയ വിവാദങ്ങൾ തുടരാനാണ് സാധ്യത.

ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന കടവത്തൂർ കുനിയിൽ പത്മരാജനാണു കേസിലെ പ്രതി. 2020 ജനുവരിയിൽ സ്‌കൂൾ ശുചിമുറിയിൽ കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. പോക്‌സോ കേസിൽ 3 മാസം റിമാൻഡിലായ അദ്ധ്യാപകൻ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്ത കേസാണ് ഇത്.

പൊലീസ് കേസ് തേച്ചുമായ്ച്ച് കളയാൻ ശ്രമിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേസിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ മാറ്റി ഹൈക്കോടതി ഇടപ്പെട്ട് മാറ്റിയിരുന്നു. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.

പീഡനം നടന്നെന്ന് പറയുന്ന ദിവസം അദ്ധ്യാപകൻ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് കേസിൽ അദ്ധ്യാപകനെ വെറുതെ വിട്ടത്. തുടർന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ തെളിവുകൾ കിട്ടുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് അദ്ധ്യാപകനം അനുകൂലിക്കുന്നവരും കണ്ടെത്തുന്നു.

സ്‌കൂളിലെ ശുചിമുറിയിൽവെച്ച് അദ്ധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പും മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു.

2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരേ അന്ന് വ്യാപക വിമർശനമുയർന്നു. തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.

പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തൽ. ഇതിനിടെ, ഐ.ജി. എസ്.ശ്രീജിത്തിന്റെ ഒരു ഫോൺ കോൾ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

ഐ.ജി. ഇ.ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവർ പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുകയായിരുന്നു.