തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിലാണ് യുഡിഎഫ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഈ സഖ്യം രാഷ്ട്രീയമായി കോൺഗ്രസിന് വലിയ കോട്ടമാണ് ഉണ്ടാക്കിയത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് കൂടുതൽ വിമർശിച്ചു സിപിഎം രംഗത്തെത്തിയതാണ് കോൺഗ്രസിന് വിഘാതമായി മാറിയത്. മാത്രമല്ല, ഈ കൂട്ടുകെട്ടിനെ കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിലും വിവാദമായി നിന്നു.

അതേസമയം വെൽഫെയർ ബന്ധം ഇപ്പോഴും വിവാദമായി നിലനിൽക്കുമ്പോൾ ജാമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമിയെ തീവ്ര വർഗീയ കക്ഷിയായി സിപിഎം ചിത്രീകരിച്ചുകൊണ്ടിരിക്കേയാണ് പാലോളിയുടെ വെളിപ്പെടുത്തൽ.

സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി നേരത്തെ സഹകരിച്ചു പ്രവർത്തിച്ചിരുന്നതായി പാലോളി വെളിപ്പെടുത്തി. പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും അന്നത്തെ മുഖ്യശത്രുവിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്നും പാലോളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ എൻ.പി രാജേന്ദ്രനും കെ.എൻ.എ ഖാദർ എംഎ‍ൽഎക്കുമൊപ്പം സഭാ ടിവി അഭിമുഖ പരിപാടിയിൽ സംസാരിക്കവേയായിരുന്ന പാലോളിയുടെ പരാമർശം.

നേരത്തെ പല തെരഞ്ഞടുപ്പുകളിലും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി യോജിച്ചു പോയിരുന്നതായി അദ്ദേഹം പറഞ്ഞു. ''ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങൾ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടർക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താൽപര്യം അവർക്കും ഞങ്ങൾക്കുമുണ്ടായിരുന്നു'' - പാലോളി പറഞ്ഞു.

ഫാസിസം ശക്തിയാർജ്ജിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ സഹകരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അവർക്ക് ഒരു നിലപാടുണ്ട്, ഞങ്ങൾക്കും ഒരു നിലപാടുണ്ട്. രണ്ട് കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു പാലോളിയുടെ മറുപടി.