പന്തളം: ഹണിട്രാപ്പു കേസുകൾ സംസ്ഥാനത്ത് പെരുകു വരികയാണ്. ഫേസ്‌ബുക്കിലൂടെ പരിചയം നടിച്ച് പ്രണയിച്ച ശേഷം ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങളെ മറ്റൊരു കേസാണ് പന്തളത്തെയും. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവിൽനിന്നു 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭർത്താവും അറസ്റ്റിയപ്പോൾ സംഘടിത തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് വ്യക്തമായി.

കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ദമ്പതികൾ ആസൂത്രിതമായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. പന്തളം തോന്നല്ലൂർ പൂവണ്ണാം തടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനിൽ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാൻഡ് ഓട്ടോടെക് എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്.

പൊലീസ് പറയുന്നത്: 2020 ഏപ്രിലിലാണ് ഇരുവരും ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. സൗഹൃദം തുടർന്നതോടെ മഹേഷിനെ വിവാഹം കഴിക്കാനുള്ള സന്നദ്ധത പാർവതി അറിയിച്ചു. വിവാഹാലോചനകൾ നടക്കുന്ന മഹേഷാകട്ടെ പാർവതിയെ കണ്ടപ്പോൾ ഇവൾ തന്നെ തന്റെ ഭാര്യ എന്നുറപ്പിക്കുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ പാർവതി പറഞ്ഞതെല്ലാം കള്ളമായിരുന്നു.

ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽനിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നൽകി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്.

വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്. താൻ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായ മഹേഷിനു പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ, എഴുകോൺ സ്വദേശികളെയും സമാന രീതിയിൽ ദമ്പതികൾ പറ്റിച്ചിട്ടുണ്ട്. പിടിയിലാകുന്നത് ആദ്യമാണ്. തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടില്ലാത്തിനാൽ ഇതു വരെ രക്ഷപ്പെട്ടു പോരുകയായിരുന്നു. പ്രതികൾക്ക് പൊലീസിൽ അടക്കം ബന്ധമുള്ളതായും പറയപ്പെടുന്നു. എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്ഐ വിനോദ്കുമാർ ടി.കെ, എസ്സിപിഒ സുശീൽകമാർ കെ, സിപിഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സിപിഒ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.