തിരുവനന്തപുരം: പന്തളത്ത് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എംപിയും നടനുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് നൽകി പൊലീസുകാർ. സ്മൃതികേരളം എന്ന പരിപാടിയിൽ പങ്കെടുക്കാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്.

പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവർത്തകർക്കൊപ്പം നടന്നു പോകവെ സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസുകാരാണ് അദ്ദേഹത്തിന് സല്യൂട്ട് നൽകിയത്.

വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സുരേഷ് ഗോപിക്ക് സല്യൂട്ട് നൽകി. സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയിൽ കാണാം.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടതാണ് ചർച്ചയാത്.

'ഞാനൊരു എംപിയാണ്, ഒരു സല്യൂട്ട് ഒക്കെ ആവാം.' ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആന്റണിയോടു സുരേഷ് ഗോപി പറഞ്ഞു. ഉടൻ എസ്ഐ സല്യൂട്ട് ചെയ്തു. സല്യൂട്ടിനെ അഭിവാദ്യം ചെയ്ത സുരേഷ് ഗോപി ശീലങ്ങളൊന്നും മറക്കരുത് 'എന്നുപദേശിക്കുകയും 'ഞാൻ മേയറൊന്നുമല്ല' എന്ന് ഓർമിപ്പിക്കുകയും ചെയ്തു. ഇതോടെ, എസ്‌ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

പിന്നാലെ സല്യൂട്ട് ചോദിച്ചുവാങ്ങിയതിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധി സല്യൂട്ട് അർഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും പറഞ്ഞിരുന്നു. സല്യൂട്ട് അടിക്കുന്ന കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും പ്രതികരിച്ചു.

അതേസമയം, പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ ബിജെപി.നടത്തിയ സ്മൃതികേരം പദ്ധതിയിൽ നിന്നുമാണ് താരം മടങ്ങിപ്പോയത്.

പ്രസ്തുത പരിപാടിക്കെത്തിയ സുരേഷ് ഗോപി കാറിൽനിന്ന് ഇറങ്ങും മുൻപു തന്നെ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം അദ്ദേഹം നൽകിയിരുന്നു. തുടർന്ന് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അകന്നുനിന്ന ശേഷമാണ് അദ്ദേഹം കാറിൽ നിന്നിറങ്ങിയത്. എന്നാൽ തുടർന്നുണ്ടായ തിക്കും തിരക്കും താരം ശ്രദ്ധിക്കുകയും ചുറ്റുമുള്ളവരോട് സാമൂഹിക അകലം പാലിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.

71 പേർക്ക് തെങ്ങിൻതൈ നൽകുന്ന പരിപാടിയായിരുന്നു തുടർന്ന് വേദിയിൽ. ആദ്യ രണ്ടുപേർക്ക് തൈ നൽകിയിട്ടും ചുറ്റുമുള്ള ആളുകളുടെ തിക്കും തിരക്കും കുറഞ്ഞില്ല. വീണ്ടും സാമൂഹിക അകലം പാലിക്കാൻ അദ്ദേഹം പറഞ്ഞെങ്കിലും ഫലം കണ്ടില്ല. തുടർന്നായിരുന്നു അദ്ദേഹം വേദിവിട്ട് ഇറങ്ങിപ്പോയത്.