തലശേരി:പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വധിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപായി പ്രതികൾ ഗുഢാലോചന നടത്തിയതായി സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പാനൂരിലെ മൻസൂർ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. സോഷ്യൽ മീഡിയയിൽ ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വച്ചാണ് പ്രതികൾ ഒരുമിച്ച് കൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല നടക്കുന്നതിന്ഏതാണ്ട് 15 മിനിറ്റ് മുമ്പാണ് പ്രതികൾ ഒത്തുചേർന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ എന്നാണ് സംശയിക്കുന്നത്. ഈ ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കും.

പ്രതി ഷിനോസിന്റെ മൊബൈൽ ഫോണിന്റെ സ്‌ക്രീൻ ഷോട്ടുകളും പുറത്തായിട്ടുണ്ട്. ശ്രീരാഗ്, ജാബിർ തുടങ്ങിയവർ വിളിച്ചതായും ഫോണിലെ കോൾലിസ്റ്റിൽ വ്യക്തമാകുന്നുണ്ട്. കൊലപാതകം നടന്ന ഉടനെ തന്നെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേൽപ്പിക്കുന്നത്. ആ സമയത്ത് തന്നെ പിടിച്ചുവാങ്ങി നാട്ടുകാർ കോൾ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ ആറിന് രാത്രിയിൽ എട്ടേകാലോട് കൂടി മൻസൂറിന്റെ വീടിന് സമീപം ആക്രമണമുണ്ടാകുകയും മൻസൂർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 7.50 മുതൽ മുക്കിൽ പീടിക എന്ന സ്ഥലത്ത് പ്രതികൾ ഒരുമിച്ച് കൂടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

കേസിൽ നാലാംപ്രതിയായ ചേർക്കപ്പെട്ട ശ്രീരാഗിനെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആദ്യ ഘട്ടത്തിൽ സ്ഥലത്തെ ഒരു പ്രാദേശിക നേതാവും വരുന്നുണ്ട്. ഇത് ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷമാണ് ശ്രീരാഗിന്റെ നേതൃത്വത്തിൽ മൂന്നുപേർ അങ്ങോട്ട് വരുന്നത്. അതിന് ശേഷം നാലുപേരും കൂടി അകത്തേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. ശേഷം പലരും വരികയും പോകുന്നുണ്ട്. ഇത് ഗൂഢാലോചനയ്ക്കാണെന്നാണ് സംശയിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മൻസൂറിന്റെ വീട്ടിലേക്കുള്ളത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ഇടത്ത് നിന്ന് കൊലപാതകത്തിന് മുമ്പുള്ള ചർച്ച നടത്തിയ ശേഷം പ്രതികൾ ഉടനെ മൻസൂറിന്റെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതോടെ മൻസൂർ വധക്കേസിൽ കൃതൃമായ ഗൂഢാലോചന നടന്നുവെന്ന പൊലിസ് വാദം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നത് ഗൂഢാലോചന നടത്തുന്നതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണിൽ വിളിച്ചതിന്റെ തെളിവുകളും നിർണ്ണായകമാണ്. അക്രമം നടത്താനുള്ള ആയുധങ്ങളും ബോംബും ശേഖരിച്ചതും വാട്‌സാപ് സന്ദേശങ്ങൾ വഴിയാണ്. ഈ സന്ദേശം കിട്ടി സ്ഥലത്ത് എത്തിയവരാണോ ദൃശ്യങ്ങളിലുള്ളതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ ഓടിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവികളും പൊലീസ് ശേഖരിച്ചുവരികയാണ്.

റിമാൻഡിലായ പ്രതികളെ തെളിവെടുക്കാനായി ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം ഒരുമിച്ച തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അതേസമയം കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്റെ മനോവിഷമമാണെന്ന് അമ്മ പത്മാവതി ആരോപിച്ചു. മകന്റെ മരണത്തിന് ഇടയാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പത്മിനി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.