കൊച്ചി: പരബ്രഹ്മ ഉടമ അംജതിന്റെ ഭൂതകാലം ശരിക്കും ഒരു അധോലോക നേതാവിനെ വെല്ലുന്ന വിധത്തിലുള്ളതാണ്. ഏതൊരു ക്രിമിനൽ നേതാവിനും പറയാനുള്ളതു പോലെ അല്ലറചില്ലറ മോഷണങ്ങളിലൂടെയും തട്ടിപ്പുകളിലൂടെയാണ് പരബ്രഹ്മ മുതലാളി അംജതിന്റെയും തുടക്കം. 2011 ൽ സ്വകാര്യ പണമിടപാടുകാരനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപയും നാലു കിലോഗ്രാം സ്വർണവും കവർന്ന കേസിൽ അംജതിനെ ആലുവ എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആലുവ ഇജാസ് ആൻഡ് കമ്പനി ഉടമ കാഞ്ഞിരത്തിങ്കൽ ഹക്കീമിനെ തടഞ്ഞുനിർത്തി കവർച്ച നടത്തിയ കേസിലായിരുന്നു അന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന്റെ ഭാഗമായി ഒരിടത്തും സ്ഥിരമായി താമസിക്കാതിരുന്ന ഇയാൾ അക്കാലത്ത് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മാറിമാറി താമസിക്കാറായിരുന്നു പതിവ്. അക്കാലത്ത് തന്നെ ഇയാളുടെ പേരിൽ വേറെയും പല തട്ടിപ്പുകേസുകളും ഉണ്ടെന്ന് പൊലീസിനെ ഉദ്ദരിച്ചുകൊണ്ട് മാധ്യമങ്ങൾ പറയുന്നു. വിവിധ തട്ടിപ്പു കേസിലുകളിൽ പ്രതിയാക്കപ്പെട്ട അറിയപ്പെട്ട ക്രിമിനലായിരുന്നു അംജത്. ആറരലക്ഷം രൂപയ്ക്ക് പണയത്തിനെടുത്ത സ്ഥലം വ്യാജആധാരം നിർമ്മിച്ച് ചുണങ്ങംവേലിയിലെ ഒരു വിദേശമലയാളിക്ക് മറിച്ചുവിറ്റ കേസും വ്യാജപഞ്ചലോഹവിഗ്രഹം വിൽക്കാൻ ഇടനിലക്കാരനായി നിന്നതിനും ആലുവ സ്റ്റേഷനിൽ അംജത്തിനെതിരെ കേസുണ്ടായിരുന്നു. ഇതെല്ലാ ഉന്നത - ഉദ്യോഗസ്ഥ - രാഷ്ടീയ ഇടപെടലുകളെ തുടർന്ന് പൊലീസ് കേസ് തേച്ചുമാച്ച് കളയുകയായിരുന്നു.

കാസർഗോഡ് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ 30 ലക്ഷം രൂപയുടെയും താമരശ്ശേരിയിൽ 20 ലക്ഷത്തിന്റെയും കുഴൽപ്പണ കേസിലും അംജത് പിടികിട്ടാപ്പുള്ളിയായിരുന്നു. കളമശേരിയിൽ വീട് കയറി ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. അംജതിന്റെ തട്ടിപ്പിന്റെ വേരുകൾ ഹിന്ദിപ്രചാരസഭയിലേയ്ക്കും കടന്നുചെന്നിട്ടുണ്ട്. ഹിന്ദിപ്രചാരസഭയിൽ വിശിഷ്ഠാംഗത്വം അടക്കം നേടി തട്ടപ്പു നടത്തിയിരുന്നു അംജത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അംജതിനെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ ഇയാളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി. ഇതിന് പിന്നിലും ഉന്നത ഇടപെടലുകൾ ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊല്ലം സ്വദേശിയുടെ 13 കോടി വിലവരുന്ന സ്ഥലം ലോൺ ശരിയാക്കിതരാമെന്ന് വാഗ്ദാനം ചെയ്ത് അംജതിന്റെ പേരിലേയ്ക്ക് എഴുതിവാങ്ങിയ കേസും ഉണ്ടായിരുന്നു. ഉടമസ്ഥന് മൂന്ന് കോടി നൽകിയ ശേഷം ആലുവ മണിചെയ്ൻ തട്ടിപ്പ് കേസിലെ പ്രതിക്ക് സ്ഥലം എട്ട് കോടിക്ക് വിറ്റു.

ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട് ജയിലിൽ കിടക്കുകയായിരുന്ന അംജതിന് പുറത്തിറക്കിയതും ചില ഉന്നത ബന്ധങ്ങളുടെ പുറത്തായിരുന്നു. ഇതിന് ആവശ്യമായിരുന്ന സഹായങ്ങൾ ചെയ്തുകൊടുത്തത് അംജതിന്റെ സുഹൃത്തായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഈ ഐപിഎസ് ഓഫീസർ എറണാകുളം റൂറൽ എസ്‌പിയായിരുന്ന കാലത്ത് വിഗ്രഹമോഷ്ടാക്കളെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ അംജതിനോടൊന്നിച്ച് പല സ്ഥലങ്ങളിലും യാത്ര പോയ കഥകൾ പൊലീസുകാർക്കിടയിൽ പരസ്യമാണെന്നും അന്നത്തെ മാധ്യമ വാർത്തകൾ പരിശോധിച്ചാൽ വ്യക്തമാകും.

ഇജാസ് ആൻഡ് കമ്പനി ഉടമ ഹക്കീമിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത കേസിൽ അംജതിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും എസ്‌പിയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കാതെ വിടുകയായിരുന്നു. ഈ സംഭവം പൊലീസുകാർക്കിടയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും വലിയ വിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോഴും അംജത് ഈ ഉദ്യോഗസ്ഥനുമായി നിരന്തരം കൂടിക്കാഴ്‌ച്ചകൾ നടത്തിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദവും പൊലീസിന്റെ ശുപാർശയും ഒത്തുചേർന്നപ്പോൾ 11 വർഷങ്ങൾക്ക് മുമ്പ് 18 കേസുകളിൽ പ്രതിയായിരുന്ന അംജത് ഗുണ്ടാലിസ്റ്റിൽ നിന്നും പുറത്തായി.

പത്ത് വർഷം മുമ്പ് ഗുണ്ടാലിസ്റ്റിൽ ഉണ്ടായിരുന്ന, നിരവധി തട്ടിപ്പ് കേസുകളിലും പിടിച്ചുപറി കേസുകളിൽ പ്രതിയായ ഒരു അധോലോക നായകൻ ഇന്ന് കേരളത്തിൽ വന്ന് പരബ്രഹ്മ എന്നൊരു തട്ടിപ്പ് സ്ഥാപനം ആരംഭിച്ച് ആളുകളെ കബളിപ്പിക്കുമ്പോൾ ഈ നാട്ടിലെ പൊലീസ് സംവിധാനം എന്തുചെയ്യുകയാണ്. പ്രമേഹത്തിനും കൊവിഡിനുമുള്ള മരുന്നുകൾ എന്ന് അവകാശപ്പെട്ട് വ്യാജമരുന്നുകൾ ജനങ്ങളെ കൊണ്ട് തീറ്റിക്കുമ്പോൾ ഇവിടത്തെ സർക്കാർ സംവിധാനവും അനങ്ങുന്നില്ല. നിരവധി പേർ പരബ്രഹ്മയുടെ തട്ടിപ്പിന് ഇരകളാക്കപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടം തുടർ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.