കൊല്ലം: ആലുവയിലെ മൊഫിയയും പൊലീസിന് പാഠമാകുന്നില്ല. പരവൂരിലെ സംഭവവും പൊലീസ് അനാസ്ഥയ്ക്ക് തെളിവാണ്. കേസുകൾ ഒതുക്കൻ ശ്രമിക്കുന്ന വില്ലന്മാരായി പൊലീസ് മാറുന്നു. ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യുവതി പൊലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതും ഇതേ കാരണത്താലാണ്.

കുറുമണ്ടൽ ചരുവിള വീട്ടിൽ ഷംന (22) ആണ് ഇന്നലെ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാലു വർഷം മുൻപാണ് കോട്ടപ്പുറം സ്വദേശിയായ അനൂപുമായി ഷംനയുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനം ഏൽക്കേണ്ടി വന്നെന്നാണ് പരാതി. കൊല്ലം കുടുംബ കോടതിയിലും പരവൂർ കോടതിയിലും കേസ് നടക്കുന്നുണ്ട്.

നവംബർ 14ന് ഷംന ഭർത്താവിന്റെ വീട്ടിൽ കുഞ്ഞുമായി പോയി. വീട്ടിലെത്തിയപ്പോൾ ഭർത്താവ് മർദിച്ചു. രക്ഷപ്പെടാനായി അയൽപക്കത്തുള്ള അനൂപിന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ബന്ധുക്കൾ തന്റെയും കുഞ്ഞിന്റെയും നേർക്ക് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഷംനയുടെ പരാതി. എന്നാൽ പൊലീസ് ഇതു വിശ്വസിക്കുന്നില്ല.

അവർക്കെതിരെ കേസ് എടുക്കാതെ പരാതിക്കാരിയായ ഷംനയ്‌ക്കെതിരെ എതിർകക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും താൻ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ഭർതൃവീട്ടുകാരെ പീഡിപ്പിച്ചെന്നു കാട്ടി വീണ്ടും കേസെടുക്കുമെന്നും പരവൂർ എസ്എച്ച്ഒ പറഞ്ഞതായി ഷംന ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാത്തന്നൂർ എസിപിയെ സമീപിച്ചെങ്കിലും നീതി കിട്ടിയില്ല.

ജില്ലാ പൊലീസ് മേധാവി, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ഷംനയെ പൊലീസ് പരിഹസിച്ചെന്നും അതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഷംന പറയുന്നു. ഷംനയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിവുകൾ ലഭ്യമാകാത്തതിനാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരവൂർ പൊലീസ് അറിയിച്ചു.

കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ഷംനയെ പൊലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടുണ്ട്. ഗാർഹിക പീഡന പരാതിയിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരിയായ യുവതി സ്റ്റേഷനിൽ വച്ച് കൈ മുറിച്ചത്.