ന്യൂഡൽഹി: ശബരിമല വിഷയത്തെ ചൊല്ലി ലോക്‌സഭയിലും വാദപ്രതിവാദം. ബിജെപിയും ഇടത് എംപിമാരും തമ്മിൽ തമ്മിൽ വാക്‌പോര് നടന്നു. അവതരിപ്പിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് ഇടത് എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശബരിമല കയറാൻ ശ്രമിക്കുന്ന യുവതികൾ അവിശ്വാസികളാണെന്നും മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന് ഗുരുസ്വാമിമാർ ആത്മഹത്യ ചെയ്‌തെന്നും ബിജപി എംപി പഞ്ഞു.

കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. ഇന്നലെ നടന്ന ഹർത്താലിന്റെ അടക്കം കാര്യം ചൂണ്ടിക്കാട്ടിയിരുന്നു കെ സി വേണുഗോപാൽ വിഷയം ഉന്നയിച്ചത്. ഹർത്താലിന് നിൽക്കാതെ ഓർഡിനൻസ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സംസാരിച്ച സിപിഎം എംപി പി കരുണാകരൻ വിഷയത്തിൽ സർക്കാർ നിലപാട് ചൂണ്ടിക്കാട്ടി.

സർക്കാർ കോടതി വിധി നടപ്പിലാക്കുകയാണ് ചെയ്തത്. കോടതി വിധി വന്ന വേളയിൽ കോൺഗ്രസ്, ബിജെപി നേതൃത്വങ്ങൾ വിധിയെ സ്വാഗതം ചെയ്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രപരമായ വിധിയെന്നാണ് ബിജെപി പറഞ്ഞതെന്ന കാര്യമാണ് അദ്ദേഹം എടുത്തു പറഞ്ഞത്. ബിജെപി മന്ത്രി ഉമ ഭാരതി അടക്കമുള്ളവർ അന്ന് ശബരിമല വിധിയെ സ്വാഗതം ചെയ്‌തെന്നും കരുണാകരൻ പറഞ്ഞു.

അതേസമയം തുടർന്ന് സംസാരിച്ച ബിജെപി അംഗം മീനാക്ഷി ലേഖി വിഷയത്തിലെ സർക്കാർ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി. മതത്തെ യുക്തി കൊണ്ട് അളക്കരുതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ആചാരത്തപ്പറ്റി അറിയാത്തവരാണ് പറയുന്നത്. സംസ്ഥാന സർക്കാറാണ് ഒരാളുടെ മരണത്തിന് ഉത്തരവാദിയെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് അരാജകത്വം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ലേഖി കുറ്റപ്പെടുത്തി.

ക്ഷേത്ര ആചാരങ്ങൾ തീരുമാനിക്കൽ കോടതിയുടെ ജോലിയല്ലെന്ന വിമർശനവും അവർ ഉന്നിയിച്ചു. ട്രാൻസ് ജെണ്ടർ എന്ന പേരിലാണ് സർക്കാർ ആംബുലൻസിൽ യുവതികളെ ശബരിമലയിൽ എത്തിച്ചത്. യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുസ്വാമിമാർ ആത്മഹത്യ ചെയ്‌തെന്നു അവർ ചൂണ്ടിക്കാട്ടി. യേശു ക്രിസ്തുവിന്റെ ജനനം അടക്കം ചൂണ്ടിക്കാട്ടിയാണ് മതത്തിൽ യുക്തി കാണുന്നത് ശരിയല്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത്.

ഇന്ന് സഭ ചേർന്നപ്പോൾ തന്നെ ശബരിമല വിഷയം അടിയന്തര പ്രമേയമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് എംപിമാർ സ്പീക്കർ സുമിത്രാ മഹാജനെ സമീപിച്ചിരുന്നു. എന്നാൽ വിഷയം ശൂന്യവേളയിൽ അവതരിപ്പിക്കാനാണ് സ്പീക്കർ അനുമതി നൽകിയത്. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ കേരളത്തിൽ ക്രമസമാധാന നില പൂർണമായും തകർന്നു. ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ ബിജെപി ബോധപൂർവം ആക്രമണങ്ങൾ അഴിച്ച് വിട്ടു. എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഷയമാണെന്നാണ് സ്പീക്കർ മറുപടി നൽകിയത്. അതേസമയം, വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കേരളത്തിലെ സമാധാനം കൊണ്ടുവരണമെന്നുമായിരുന്നു വേണുഗോപാൽ ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെ നടപ്പിലാക്കുക മാത്രമാണ് കേരള സർക്കാർ ചെയ്തതെന്ന് പി.കരുണാകരൻ എംപി തിരിച്ചടിച്ചു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി വന്നപ്പോൾ ബിജെപി നേതാക്കളും കോൺഗ്രസ് അദ്ധ്യക്ഷൻ അടക്കമുള്ളവരും ഇതിനെ അനുകൂലിച്ചവരാണ്. ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി സംസാരിച്ചു.

മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു അവരുടെ നിലപാട്. ക്ഷേത്ര ആചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലിയല്ല. മതപരമായ കാര്യങ്ങളിൽ ഭരണഘടന പരിരക്ഷ നൽകുന്നുണ്ട്. ശബരിമലയിലെ 41 ദിവസത്തെ വ്രതം ചുരുക്കാൻ കോടതിക്ക് കഴിയുമോ എന്നും അവർ ചോദിച്ചു. ഇതിന് ശേഷം കൂടുതൽ പേർ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും സഭയുടെ മുന്നിൽ മറ്റ് കാര്യങ്ങളുമുണ്ടെന്ന് പറഞ്ഞ സ്പീക്കർ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.