തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തതിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. സർക്കാർ റിപ്പോർട്ട് പുറത്തു വിടുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുകയാണ്. റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ സിനിമാ മേഖലയിലെ പല ശക്തരായ വ്യക്തികളുടെയും ശ്രമം നടന്നു. എന്നാൽ തെരഞ്ഞെടുപ്പെത്തിയാൽ സ്ത്രീ സൗഹൃദമാവുന്ന സർക്കാർ അപ്പോൾ ഉടൻ തന്നെ റിപ്പോർട്ട് പുറത്തു വിടുമെന്നും പാർവതി പറഞ്ഞു. സൂര്യ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു നടി.

'റിപ്പോർട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പോവാനാണ് സർക്കാർ ശ്രമിക്കുന്നത്. കമ്മിറ്റികൾക്ക് ശേഷം കമ്മിറ്റി. മൂന്ന് വർഷം നമ്മൾ കാത്തിരുന്നു. അതിനു ശേഷം അവർ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാൻ വേറൊരു കമ്മിറ്റി വേണമെന്ന് പറയും. നമുക്ക് തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ കാത്തിരിക്കാം. പെട്ടന്ന് ആ റിപ്പോർട്ട് പുറത്തു വരും. പെട്ടന്നവർ സ്ത്രീ സൗഹൃദ സർക്കാരാവും,' പാർവതി പറഞ്ഞു.

റിപ്പോർട്ട് പുറത്തു വന്നാൽ നമ്മൾ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. ചലച്ചിത്രമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാത്തത് പലരും മുതലെടുക്കുന്നുവെന്നും പാർവതി പറഞ്ഞു. ഞാൻ ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞപ്പോൾ അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി.

ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോൾ അത് കുഴപ്പമില്ല അവരങ്ങനെയായിപ്പോയി വിട്ടേക്ക് എന്ന തരത്തിലാണ് മറുപടി ലഭിച്ചത്. ആദ്യ കാലങ്ങളിൽ ഞാനങ്ങനെ ചെയ്തു. പിന്നീട് സഹപ്രവർത്തകരായ പലരും ഇത്തരംഅനുഭവങ്ങൾ നേരിടുന്നുണ്ടെന്ന് മനസ്സിലായെന്നും പാർവതി പറഞ്ഞു.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ നൽകാനാകില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ മറുപടിയും അടുത്തിടെ പുറത്തുവന്നിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവുള്ളതിനാൽ റിപ്പോർട്ട് നൽകാൻ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വി ആർ പ്രമോദ് ചോദ്യത്തിന് മറുപടിയായി നൽകി.

പ്രശ്‌നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായിട്ടുള്ള മൂന്നംഗ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചത്. എന്നാൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. വ്യക്തികളെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നാണ് സർക്കാർ നിലപാട്.

നേരത്തെ ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞത്. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും കമ്മീഷനു സാക്ഷികൾ നല്കിയ മൊഴിയിൽ പരാമർശമുള്ളവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് 'ദിശ' എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.