കൊച്ചി: പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ ബംഗാളിൽ വലിയ തോതിൽ അക്രമങ്ങൾ അരങ്ങേറുകയാണ്. ഈ അക്രമളെ അപലപിച്ചു കൊണ്ട് നിരവധി പേർ രംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് രാഷ്ട്രീയ എതിരാളികളായ ബിജെപിക്ക് മേൽ വലിയ തോതിൽ ആക്രമണം അഴിച്ചു വിടുന്നത്. ഈ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് നടി പാർവതി തിരുവോത്ത് രംഗത്തെത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്തു കൊണ്ട് ട്വിറ്ററിലൂടെയാണ് നടി തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

എന്താണ് ബംഗാളിൽ നടക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് പാർവതി മമതയെയും ടിഎംസിയെയും ടാഗ് ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ നിർത്തലാക്കുന്നത് സർക്കാരിന്റെ ബാധ്യതയാണെന്ന് പാർവതി തന്റെ ട്വീറ്റിൽ കുറിക്കുന്നു. 'ബംഗാളിൽ എന്താണ് നടക്കുന്നത്?! അധികാരം ലഭിച്ചതിന് ശേഷമുള്ള ഉത്തരവാദിത്തങ്ങൾ എവിടെ? മനുഷ്യത്വമില്ലാത്ത അക്രമങ്ങൾക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.' എന്നാണ് പാർവതി തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമധാന ഇല്ലാതായതിൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി ആശങ്കകൾ പങ്കുവെച്ചു എന്ന് ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ ട്വീറ്റ് ചെയ്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ബംഗാളിൽ ടിഎംസി പ്രവർത്തകർ ആക്രമണം ആരംഭിച്ചിരിക്കുന്നത്. ആക്രമണത്തിൽ ഇരുപതിൽ അധികം പേർ കൊല്ലപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന വിവരം.

അതേസമയം ബംഗാളിലെ ആക്രമണ സംഭവങ്ങളിൽ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഇതുവരെ ഉണ്ടായ അക്രമങ്ങളിൽ 14 പേർ മരിച്ചു. ഇതിൽ 10 പേർ ബിജെപി പ്രവർത്തകരാണ്. 3 പേർ ടിഎംസിയുടെയും ഒരാൾ ഐഎസ്എഫിന്റെയും പ്രവർത്തകനാണ്. ബിജെപിയുടെ ദേശീയ നേതൃസംഘം അക്രമമുണ്ടായ മേഖലകൾ സന്ദർശിച്ചു.

ബിജെപി നേതാവ് ആശിഷ് ക്ഷേത്രപാലിന്റെ അമ്മ കാകളി (47)യുടെ മൃതദേഹമാണ് ഇപ്പോഴും ആശുപത്രി മോർച്ചറിയിലുള്ളത്. തൃണമൂൽ പ്രവർത്തകരായ ഷാജഹാൻ ഷാ (30), ബിഭാഷ് ബാഗ് (27) എന്നിവരും സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നതിനാലാണ് ആശിഷിന്റെ കുടുംബം ഒളിവിൽ പോയത്.

കാകളിയുടെ മൃതദേഹം എത്തിച്ച ജമാൽപുരിലെ ആശുപത്രിയിൽ ബിജെപി നേതാക്കളാരും എത്തിയില്ലെന്നു പാർട്ടി പ്രവർത്തകർ പറയുന്നു. തുടർന്നു പൊലീസെത്തി മൃതദേഹം ബർദാൻ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരുടെ വീട്ടിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ എത്തുകയും മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെ, കൊല്ലപ്പെട്ട വനിത തങ്ങളുടെ പാർട്ടിക്കാരിയാണെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് സമർ ഘോഷ് രംഗത്തെത്തി. മൃതദേഹം വിട്ടുകിട്ടാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.