പന്തളം: പാലായിൽ അപകടത്തിൽ മരിച്ചെന്നു കരുതിയ യുവാവിനെ കായംകുളത്ത് ജീവനോടെ കണ്ടെത്തിയതിന് പിന്നാലെ മോഷണക്കേസിൽ പ്രതിയായ ഇയാളെ പൊലീസ് റിമാൻഡ് ചെയ്തു. പൂഴിക്കാട് വിളയിൽ കിഴക്കേതിൽ സാബുവിനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് റിമാൻഡ് ചെയ്തത്.

മെഡിക്കൽ കോളജിനു സമീപം ഇയാൾ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി കന്റീനിൽ നിന്നു 46,000 രൂപ മോഷ്ടിച്ചെന്ന കേസിലെ പ്രതിയായിരുന്നു സാബു. ഇയാളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതോടെ, വെള്ളിയാഴ്ച രാത്രിയിൽ തന്നെ മെഡിക്കൽ കോളജ് പൊലീസ് പന്തളത്തെത്തി സാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.

ഡിസംബർ 25നു പുലർച്ചെ 3.45നാണ്, ഭരണങ്ങാനം ഇടപ്പാടിയിൽ വാഹനമിടിച്ചു മരിച്ച നിലയിൽ യുവാവിനെ കാണപ്പെട്ടത്. അജ്ഞാതനെന്നായിരുന്നു ആദ്യ നിഗമനം. അപകട ചിത്രങ്ങൾ പൊലീസ് പങ്കുവച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിന് നവംബറിലെ മോഷണ കേസിലെ പ്രതിയുമായി സാമ്യം തോന്നി. ഇവർ സാബുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. സഹോദരനടക്കം സാബുവിനെ 'തിരിച്ചറിഞ്ഞ'തിനു ശേഷമാണ് പന്തളത്ത് കുടശനാട്ട് പള്ളിയിൽ സംസ്‌കാരം നടത്തിയത്. അപകടത്തിനു 3 മാസം തികയുമ്പോഴാണ് സാബുവിനെ വെള്ളിയാഴ്ച രാവിലെ കായംകുളത്ത് കണ്ടെത്തിയത്.

അതേസമയം, പാലായിൽ അപകടത്തിൽ മരിച്ചത് ആരെന്നു കണ്ടെത്താൻ പാലാ പൊലീസ് അന്വേഷണം തുടങ്ങി. വിവിധ സ്റ്റേഷൻ പരിധികളിൽ കാണാതായവരുടെ പട്ടിക പരിശോധിക്കാനാണ് ആദ്യ ശ്രമം. ഇത്തരത്തിൽ പരാതിയുമായി എത്തുന്നവരുടെ പൂർണ വിവരങ്ങൾ ശേഖരിക്കും. വിശ്വാസയോഗ്യമെങ്കിൽ മാത്രം ബന്ധുക്കളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കും.

അപകടത്തിൽ മരിച്ച യുവാവിന്റെ ഡിഎൻഎ സാംപിൾ നേരത്തെ ശേഖരിച്ചിരുന്നു. ഇവ രണ്ടിലും സാമ്യം കണ്ടെത്തിയാൽ മാത്രമേ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തുള്ള അന്വേഷണത്തിലേക്ക് കടക്കൂ എന്ന് പാലാ എസ്എച്ച്ഒ സുനിൽ തോമസ് പറഞ്ഞു. സാബുവിനെ കണ്ടെത്തിയ സംഭവത്തിൽ പന്തളം പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.