കൊല്ലം: പത്തനാപുരത്ത് ക്യാമ്പ് ചെയ്ത തീവ്രവാദികൾ ലക്ഷ്യം വച്ചത് പ്രധാനമന്ത്രിയെയോ ? എന്ന ചോദ്യവുമായി ബിജെപി. തമിഴ്‌നാട് ക്യൂബ്രാഞ്ച് ആണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് മാധ്യമ വാർത്തകളിൽ നിന്നും മനസിലാകുന്നു. അങ്ങനെ എങ്കിൽ കേരളത്തിലെ സ്ഥിതി വളരെ ഗുരുതരം ആണ്. കേരള പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപെട്ടുണ്ടായ വൻ സുരക്ഷാവീഴ്ച തന്നെ ആണ് ഈ സംഭവം എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ പറയുന്നു.

പത്തനാപുരത്ത ഭീകരക്യാമ്പിന്റെ മാതൃകയിൽ ആയുധ പരിശീലനം നടന്നതായി അന്വേഷണ ഏജൻസികൾക്ക് സംശയം ഉണ്ട്. ഉത്തർപ്രദേശിൽ പിടിയിലായ ചില യുവാക്കൾ പത്തനാപുരം പാടം ഗ്രാമത്തിൽ നിന്ന് പരിശീലനം നേടിയതായി പൊലീസിനോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പ്രദേശത്ത് ഭീകരപരിശീലന ക്യാമ്പ് സംഘടിപ്പിച്ചതായി റിപ്പോർട്ട് സംശയം പ്രകടിപ്പിച്ചതായാണ് സൂചന. ഇതിനൊപ്പമാണ് ഗുരുതര ആരോപണവുമായി ബിജെപിയും എത്തുന്നത്. എല്ലാ സാധ്യതകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

പത്തനാപുരം കലഞ്ഞൂരിനടുത് പാടത്ത് കശുമാവിൻ തോട്ടത്തിലും കോന്നിയിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം ആണ് . അതിലും ഗൗരവമായി കാണേണ്ടത് രണ്ടുമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ് റാലിയിൽ പങ്കെടുത്ത് സംസാരിച്ച വേദിയിൽ നിന്നും 20 കിലോമീറ്ററിൽ താഴെ മാത്രമാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്ത സ്ഥലത്തേക്ക് ഉള്ളത്. കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾ അതികം കാലപ്പഴക്കമുള്ളതല്ല എന്ന പൊലീസിന്റെ കണ്ടെത്തലും ഈ സംഭവത്തിൽ കൂടുതൽ സംശയത്തിന് ഇടയാക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ദൗത്യം പൂർത്തീകരിക്കാൻ കഴിയാതെ പോയ തീവ്രവാദികൾ ഉപേക്ഷിച്ചതാണ് സ്‌ഫോടകവസ്തുക്കൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളികളായ തീവ്രവാദികളും ഇതിൽ ഉൾപ്പെട്ടിരിക്കാൻ ആണ് സാധ്യത. അല്ലെങ്കിൽ പാടം പോലെ ഉള്ള ഒരു ഉൾപ്രദേശത്ത് പ്രാദേശിക സഹായം ഇല്ലാതെ തമ്പടിക്കാൻ ഭീകരവാദികൾക്ക് സാധിക്കില്ല. ഇത്തരത്തിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സുരക്ഷാ ഏജൻസികൾ സമഗ്ര അന്വേഷണം നടത്തണം എന്നും കേരള പൊലീസിന്റെ കയ്യിൽനിന്നും സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണം എന്നും എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

നിലവിൽ കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഇവർ ലക്ഷ്യിട്ടുവെന്നതിന് തെളിവൊന്നുമില്ല. കൊല്ലം- പത്തനംതിട്ട ജില്ലകളുടെ അതിർത്തി വനമേഖലയിൽപ്പെടുന്ന തട്ടാക്കുടിയിൽ ജനുവരി 21-ന് വാഗമൺ തീവ്രവാദ ക്യാമ്പിന്റെ മാതൃകയിൽ ആയുധപരിശീലനം നടന്നതായാണ് അന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ട് ഏജൻസികളുടെയും ഉദ്യോഗസ്ഥർ നേരത്തേ ഇവിടം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മലയാളികൾക്കൊപ്പം തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ക്യാമ്പിൽ പങ്കെടുത്തെന്നാണ് പറയുന്നത്.

മാർച്ച് അവസാനം ക്യൂ ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും തട്ടാക്കുടിയിലെത്തിയിരുന്നു. എന്നാൽ ഇവർ നടത്തിയ അന്വേഷണത്തിൽ ക്യാമ്പ് നടന്നതിന് തെളിവൊന്നും കിട്ടിയില്ല. സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനയുമായി ബന്ധമുള്ള ചിലരുടെ ഫോൺവിളികൾ പൊലീസ് പരിശോധിച്ചുവരികയാണ്.

രണ്ട് ജലാറ്റിൻ സ്റ്റിക്ക്, നാല് ഡിറ്റണേറ്റർ, ബാറ്ററികൾ, മുറിച്ച വയറുകൾ, പശ എന്നിവയാണ് തിങ്കളാഴ്ച പാടത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചൊവ്വാഴ്ച കോന്നി വനമേഖലയിൽനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഭീകരവിരുദ്ധസേനയും(എടിഎസ്) രഹസ്യാന്വേഷണ വിഭാഗവും ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു.