കൊച്ചി: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സീറോ മലബാർ സഭ മുൻ വക്താവ് ഫാ.പോൾ തേലക്കാട്ട്. പാലാ ബിഷപ്പിന്റെ പ്രസ്താവന ക്രിസ്ത്യാനികളുടെ മുഴുവൻ നിലപാടല്ല. സഭാധ്യക്ഷൻ വെറും സമുദായ നേതാവായെന്നും അദ്ദേഹം വിമർശിച്ചു.

വേണ്ടത്ര ചിന്തയില്ലാതെയാണ് മെത്രാന്റെ നിലപാട്. കുരിശുയുദ്ധ കാലത്തെ ബർണാദിനം പിന്തുടരുന്നവരുടെ പ്രലോഭനത്തിൽ മെത്രാനുമുണ്ട്. മെത്രാൻ പിന്തുടരേണ്ടത് മാർപ്പാപ്പയെയാണെന്നും ഫാ. പോൾ തേലക്കാട് വ്യക്തമാക്കി.

സഭയ്ക്കുള്ള ആശങ്കകൾ സൗഹാർദപരമായി സമുദായ നേതാക്കളോട് പറയാൻ അദ്ദേഹം തയാറായില്ല. സൗഹാർദത്തിന്റെ സംഭാഷണ വഴിയിൽനിന്ന് മാറി വൈരുദ്ധ്യാത്മക തർക്കയുദ്ധത്തിനാണ് മെത്രാൻ തയാറായത്. സഭാധ്യക്ഷൻ വെറും സമുദായ നേതാവായെന്നും സഭയെ സഭക്ക് വേണ്ടി മാത്രമാക്കിയെന്നും ഫാ. പോൾ തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു.

ജിഹാദിന്റെ രണ്ട് മുഖങ്ങൾ ചരിത്രമാണോ അദ്ദേഹത്തിന്റെ സങ്കൽപമാണോ എന്ന് ഉറപ്പില്ല. ചരിത്രമാണെങ്കിൽ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാൻ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പ്. സ്വന്തം ചിന്തയിൽ നിന്ന് അന്യനെ ഒഴിവാക്കുമ്പോൾ മൗലികവാദം ആരംഭിക്കുന്നുവെന്നും മംഗളം ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഫാ. പോൾ തേലക്കാട് പറയുന്നു.

സമാധാനവും സൗഹൃദവും കാംക്ഷിക്കുന്ന കത്തോലിക്കരുടെയോ ക്രിസ്ത്യാനികളുടെയോ നിലപാടല്ല ഇതെന്നും ലേഖനത്തിൽ ഫാദർ പോൾ തേലക്കാട്ട് വിമർശിച്ചു. അതേസമയം ഫാദർ പോൾ തേലക്കാട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം രംഗത്തെത്തി. 

ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.

ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു.