തിരുവനന്തപുരം: കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ഏപ്രിൽ 12ന് വോട്ടെടുപ്പ് നടക്കും. വയലാർ രവി, കെകെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി തീരുന്ന സീറ്റിലാണ് മത്സരം. ഇതിൽ രണ്ട് സീറ്റിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥികളെ ജയിപ്പിക്കാം. ഒരണ്ണം യുഡിഎഫിനും. ഇതിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയിൽ കോൺഗ്രസ് അംഗങ്ങൾ കൂടുതലായി എത്താതിരിക്കാനാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.

ഇടതുപക്ഷത്തിന് കിട്ടുന്ന സീറ്റുകളിൽ ഒന്ന് ചെറിയാൻ ഫിലിപ്പിന് നൽകുമെന്നാണ് സൂചന. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്ത് എത്തിയ ചെറിയാൻ ഫിലിപ്പിന് പാർലമെന്ററീ രാഷ്ട്രീയത്തിലേക്ക് കടക്കാനായിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. സിപിഎമ്മിനോട് ചേർന്ന് പല പ്രവർത്തനവും നടത്തി. ഈ സാഹചര്യത്തിൽ ഈ സീറ്റ് ചെറിയാൻ ഫിലിപ്പിന് നൽകുമെന്നാണ് സൂചന. രണ്ടാം സീറ്റിൽ പിസി ചാക്കോയ്ക്കും സാധ്യതയുണ്ട്. പാലാ സീറ്റ് എൻസിപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇത് കേരളാ കോൺഗ്രസ് എമ്മിന് കൈമാറി. ഈ സാഹചര്യത്തിലും ശരത് പവാറിന്റെ എൻസിപി ഇടതുപക്ഷത്ത് ഉറച്ചു നിന്നു. ഇതിന് പ്രത്യുപകാരമായി രണ്ടാമത്തെ സീറ്റ് എൻസിപിക്ക് അനുവദിക്കാൻ സാധ്യതയുണ്ട്. ഇത് എൻസിപിക്ക് കിട്ടിയാൽ അതിൽ പിസി ചാക്കോ സ്ഥാനാർത്ഥിയാകും.

കഴിഞ്ഞ ദിവസം പിസി ചാക്കോ എൻസിപിയിൽ അംഗത്വം എടുത്തിരുന്നു. രാജ്യസഭാ സീറ്റ് ഉറപ്പിച്ച ശേഷമാണ് എൻസിപിയിൽ ചാക്കോ ചേർന്നതെന്നും സൂചനയുണ്ട്. ശരത് പവാറും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ ധാരണയെത്തിയെന്നാണ് അറിയുന്നത്. അങ്ങനെ വന്നാൽ രാജ്യസഭയിൽ എൻസിപിയുടെ ശബ്ദമായി ചാക്കോ മാറും. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. പാലായിലെ ചർച്ചകളിൽ മാണി സി കാപ്പൻ തീർത്തും നിരാശനായിരുന്നു. അന്ന് പവാർ തനിക്കൊപ്പമാണെന്ന ആത്മവിശ്വാസം കാപ്പനുണ്ടായിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഇതിന് പിന്നിൽ ചാക്കോയുടെ അദൃശ്യ കരമായിരുന്നു. എൻസിപിയെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തിയതിന് ചാക്കോയ്ക്ക് പ്രത്യുപകാരമായി രാജ്യസഭാ സീറ്റ് നൽകുമെന്നാണ് സൂചന.

നവകേരള മിഷൻ കോ-ഓർഡിനേറ്റർ പദവിയിൽ നിന്ന് ഇയിടെ ചെറിയാൻ ഫിലിപ്പ് ഒഴിഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. നേരത്തേ സിപിഎമ്മിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം കണക്കിലെടുത്ത് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ എളമരം കരീമിനെ പരിഗണിക്കേണ്ടി വന്നിരുന്നു. രാജ്യസഭയിൽ സിപിഎം. പ്രാതിനിധ്യം കുറവായ സാഹചര്യത്തിൽ പാർട്ടി പ്രതിനിധി തന്നെ ഉണ്ടാകണമെന്നാണു കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത്. 2001 മുതൽ സിപിഎം സഹയാത്രികനായി തുടരുന്ന ചെറിയാൻ ഫിലിപ്പിന് അർഹമായ പരിഗണന നൽകണമെന്ന തീരുമാനപ്രകാരമാണ് പിന്നീട് നവകേരള മിഷന്റെ ചുമതല ഏൽപ്പിച്ചത്.

2006-ലെ വി എസ്. സർക്കാരിന്റെ കാലത്ത് കെ.ടി.ഡി.സി. അധ്യക്ഷപദവി ചെറിയാൻ ഫിലിപ്പിന് നൽകിയിരുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച ശേഷം ഉമ്മൻ ചാണ്ടിക്കെതിരേ പുതുപ്പള്ളിയിലും പിന്നീട് വട്ടിയൂർക്കാവിലും മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. എന്നിട്ടും സിപിഎമ്മിനൊപ്പമായിരുന്നു യാത്ര. ഇതിനുള്ള അംഗീകാരമാകും ഇത്തവണത്തെ രാജ്യസഭാ സീറ്റെന്നാണ് സൂചന. 1967 യിൽ കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെ എസ് യു) എന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ആണ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രിയ രംഗത്തേക്കു വരുന്നത്.

1992 ൽ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന ആരംഭിച്ചു. അതിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിടുകയായിരുന്നു.