ന്യൂഡൽഹി: കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു കൊണ്ടാണ് പി സി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് കേരളത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റുകളില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും മാത്രമേ സീറ്റുകളുള്ളൂ. പ്രദേശ് സെലക്ഷൻ കമ്മിറ്റിയിൽ സ്ഥാനാർത്ഥികളുടെ പേര് റിപ്പോർട്ട് ചെയ്യുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ചാക്കോ ആരോപിക്കുന്നത്.

മൂന്ന് നേതാക്കൾക്ക് വേണ്ടി വാദിച്ചെങ്കിലും ഹൈക്കമാൻഡ് പരിഗണിക്കാത്തതാണ് അദ്ദേഹം പാർട്ടി വിടാൻ കാരണം. കഴക്കൂട്ടത്ത് ആറ്റിപ്ര അനിലിനെയും കാഞ്ഞിരപ്പള്ളിയിൽ  കെ രാജനും അമ്പലപ്പുഴയിൽ ഡി സുഗതനെയും മത്സരിപ്പിക്കണം എന്നതായിരുന്നു പി സി ചാക്കോയുടെ ആവശ്യം. എന്നാൽ, ഈ ആവശ്യം തള്ളിയതോടെയാണ് അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ചത്. യാക്കോബായ സഭക്കാരൻ കൂടിയായ പി സി ചാക്കോ എങ്ങോട്ടു പോകും എന്നതും പ്രധാന ചർച്ചാ വിഷയമാണ്. ഇന്നലെ യാക്കോബായ സഭ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ദേശീയ കോൺഗ്രസിലെ പ്രമുഖനായ പി സി ചാക്കോ കോൺഗ്രസ് വിട്ടത് എന്നതും ശ്രദ്ധേയമാണ്.

ബിജെപിയിലേക്ക് പോകുമോ എന്ന കാര്യവും കണ്ടറിയണം. അതേസമയം ബിജെപിയിലേക്ക് ഇല്ലെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് പി സി ചാക്കോ. അതുകൊണ്ട് അദ്ദേഹം എൻസിപിയിലേക്ക് പോകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. നാളെ തന്റെ നിലപാട് അറിയിക്കാമെന്നാണ് ചാക്കോ വ്യക്തമാക്കിയിരിക്കുന്നത്.

രാജി പ്രഖ്യപിച്ച വാർത്താസമ്മേളനത്തിൽ പി സി ചാക്കോ കടുത്ത വിമർശനമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർത്തിയത്. നിലവിൽ കേരളത്തിൽ കോൺഗ്രസ് എന്നൊരു പാർട്ടിയില്ലെന്ന് ചാക്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് കേരളത്തിൽ ഉള്ളത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രമാണ് കേരളത്തിലുള്ളത്, കോൺഗ്രസ് ഇല്ല. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ആർക്കും കോൺഗ്രസിൽ പ്രവർത്തിക്കാനാവില്ല. കേരളത്തിലെ ഗ്രൂപ്പുകളെ ഹൈക്കമാൻഡ് സംരക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ചാക്കോ പറഞ്ഞു.

നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇരു ഗ്രൂപ്പുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്തത്. ഇതാണ് സ്‌ക്രീനിങ് കമ്മിറ്റിക്കു നൽകിയിട്ടുള്ളത്. യാതൊരു ജനാധിപത്യവുമില്ല. ഇത്തരമൊരു അവസ്ഥ മറ്റൊരു പാർട്ടിയിലുമില്ല. ആരൊക്കെയാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളതെന്ന് തനിക്ക് അറിയില്ലെന്ന് ചാക്കോ പറഞ്ഞു. കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ വി എം സുധീരനും താനും ഉൾപ്പെടെയുള്ള നേതാക്കൾ പലവട്ടം രംഗത്തുവന്നിരുന്നു. എന്നാൽ സുധീരനെ കെപിസിസി പ്രസിഡന്റു സ്ഥാനത്തുനിന്നു ഗ്രൂപ്പുകൾ ചേർന്നു ശ്വാസം മുട്ടിച്ചു പുറത്താക്കുകയായിരുന്നു.

ദേശീയ തലത്തിലും കോൺഗ്രസ് നേതൃത്വമില്ലാത്ത അവസ്ഥയിലാണ്. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നേതൃത്വത്തിനെതിരെ കത്ത് എഴുതിയ നേതാക്കളുടെ നടപടിയോടു യോജിപ്പില്ലെങ്കിലും അവർ ഉയർത്തിയ കാര്യങ്ങളെ അനുകൂലിക്കുന്നതായി ചാക്കോ പറഞ്ഞു. 'എഐസിസി, ഡിസിസി, കെപിസിസി ബ്ലോക്ക് മണ്ഡലം വരെയുള്ള ഭാരവാഹി നിർണ്ണയം ഗ്രൂപ്പ് നേതാക്കന്മാർ വീതംവെക്കുകയാണ്. ഐക്ക് എട്ട് എയ്ക്ക് 9 എന്ന വീതം വെക്കൽ ഏർപ്പാടല്ലാതെ മെറിറ്റ് പരിഗണനയിലില്ല. ജയസാധ്യത പരിഗണിക്കുന്നില്ല. എയുടെ സീറ്റ് എയും ഐയുടെ സീറ്റ് ഐയും തീരുമാനിക്കുന്നു. കേന്ദ്രകമ്മറ്റിയിലെത്തുമ്പോഴും എയ്ക്ക വേണ്ടി എയും ഐയ്ക്ക വേണ്ടി ഐയും പ്രവർത്തിക്കുകയാണ്'. ഹൈക്കമാൻഡ് പോലും ഈ ഗ്രൂപ്പ് പ്രവണതയെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

അതേസമയം ചാക്കോയുടെ ആരോപണത്തോട് പ്രതികരിക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിസമ്മതിച്ചു. ചാക്കോ തന്നെ തീരുമാനം തിരുത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.