കോട്ടയം: സംസ്ഥാന കോൺഗ്രസിലെ നിലവിലെ മാറ്റങ്ങൾ ജനാധിപത്യത്തിന് ഗുണകരമെന്ന് ജനപക്ഷം പാർട്ടി നേതാവ് പി സി ജോർജ്. പാർട്ടിക്ക് ഉള്ളിലെ ജനാതധിപത്യ ചർച്ചകൾക്ക് ശേഷമാണ് ഡിസിസി പ്രസിഡന്റ്മാരുടെ ലിസ്റ്റ് പുറത്ത് വന്നത്. പുതിയ ഭാരവാഹികൾ കോൺഗ്രസ് പാരമ്പര്യം ഉള്ളവർ തന്നെയാണ്. ഇപ്പോളത്തെ പൊട്ടിതെറി ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം പറഞ്ഞു.വിവാദങ്ങളിൽ കോൺഗ്രസ് നേതാക്കളിൽ ആരെയും കുറ്റപ്പെടുത്താതെയാണ് പ്രതികരണം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ല, എന്നാൽ ചില സത്യങ്ങൾ പറയുകയും ചെയ്തു. ഇപ്പോളത്തെ സാഹചര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടവർ തിരിച്ച് വന്നേക്കും. പാലക്കാട് രാജി പ്രഖ്യാപിച്ച എവി ഗോപിനാഥ് കോൺഗ്രസ് വിട്ട് പോകുമെന്ന് വിശ്വസിക്കുന്നില്ല. കെസി വേണുഗോപാലിനെതിരുയുള്ള വിമർശനം കുശുമ്പു കൊണ്ടാണ്. അദ്ദേഹം എഐസിസിയുടെ ഉയർന്ന തലത്തിൽ എത്തിയതിൽ അഭിമാനിക്കുകയാണ് വേണ്ടത്.

പുതിയ സാഹചര്യങ്ങൾക്ക് പിന്നാലെ യുഡിഎഫ് ശക്തിപ്പെട്ടേയ്ക്കുമെന്നും പി സി ജോർജ് പ്രതീക്ഷ പങ്കുവച്ചു. ചിലപ്പോൾ ഒരു തവണ കൂടി താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചേയ്ക്കും എന്ന സൂചനയും പിസി ജോർജ് നൽകുന്നു. ഒരു തവണ കൂടി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഭാഗമായേക്കും, അല്ലെങ്കിൽ താൻ പേടിച്ച് ഓടിയെന്ന് പറയും. അതിന് ശേഷം മത്സര രംഗത്ത് നിന്ന് വിട്ട് നിൽക്കുമെന്നും പി സി ജോർജ് വ്യക്തമാക്കുന്നു.

യുഡിഎഫിൽ ആർഎസ്‌പി ഉൾപ്പെടെ ഭിന്നസ്വരം ഉയർത്തുമ്പോഴും യുഡിഎഫിന്റെ ഭാഗാമാകാനുള്ള നീക്കത്തിലാണ് ജനപക്ഷം. യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെ താൽപര്യമെന്ന് പി സി ജോർജ് പറഞ്ഞു. കോൺഗ്രസിലെ നിലവിലെ പ്രശനങ്ങൾ തീർന്നാൽ ഉടൻ ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.