കൊച്ചി: റിപ്പോർട്ടർ ടിവിയിലെ ചർച്ച കേട്ട് നിയന്ത്രണം പോയി പിസി ജോർജിന്റെ ഭാര്യ. ലൈവ് ചർച്ചയിൽ തന്നെ ഇത് പ്രേക്ഷർ കേൾക്കുകയും ചെയ്തു. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ടിവി ചർച്ചയ്ക്കിടെയായിരുന്നു പിസി ജോർജിന്റെ ഭാര്യയുടെ പ്രതികരണങ്ങൾ. ചർച്ച മതിയാക്കാൻ ദേഷ്യത്തോടെ പിസി ജോർജിനോട് ഭാര്യ പറയുന്നതും കേട്ടു. ചർച്ച അവതരിപ്പിച്ചത് നികേഷ് കുമാറായിരുന്നു. പിസി ജോർജിനെ നികേഷ് അപമാനിച്ചു എന്ന തോന്നലിൽ നിന്നായിരുന്നു ഭാര്യയുടെ പ്രതികരണങ്ങൾ.

റിപ്പോർട്ടർ ടിവി ചർച്ചയിൽ വീട്ടിൽ ഇരുന്നാണ് തൽസയം പിസി ജോർജ് അഭിപ്രായം പറഞ്ഞത്. നാദിർഷായുടെ ഈശ്വോ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. ഈ സിനിമയ്‌ക്കെതിരെ പൊതു നിലപാട് പിസി ജോർജ് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചയ്ക്ക് പുതിയ തലം നൽകാൻ പിസി ജോർജ് എത്തിയതും. ഇതിനിടെയാണ് ഭാര്യയുടെ പ്രതികരണങ്ങൾ ചർച്ചയ്ക്കിടെ ഉണ്ടായത്.

വീട്ടിലെ ഒരു മുറിയിൽ ഇരുന്നായിരുന്നു പിസിയുടെ ലൈവ്. മറ്റേ മുറിയിൽ ചർച്ച തൽസമയം കാണുന്നുണ്ടായിരുന്നു പിസിയുടെ ഭാര്യ. ഈ ചർച്ചയ്ക്കിടെ ഒരു ഫാദർ തന്നെ വിളിച്ചെന്നും ലിജോ ജോസ് പല്ലിശേരിയാണ് ഇത്തരമൊരു സിനിമ എടുത്തതെങ്കിൽ എതിർക്കില്ലായിരുന്നുവെന്നും നാദിർഷാ പറഞ്ഞത് ചർച്ചയാക്കി നികേഷ്. ഇത് നാദിർഷായും ടെലിഫോണിൽ സ്ഥിരീകരിച്ചു.

ഇതിനിടെ ആ ഫാദറിന്റെ നമ്പർ തന്നാൽ ഞാൻ തന്നെ വിളിച്ച് അയാളുടെ തന്തയ്ക്ക് പറയാമെന്നും ഒരു വൈദികനും അത്തരത്തിൽ പറയില്ലെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് ആരോ ദേഷ്യപ്പെടുന്ന ശബ്ദം ലൈവിൽ എത്തിയത്. ഇത് കേട്ട് നികേഷ് കുമാറും ഒരു നിമിഷം മൗനത്തിലായി. പിന്നീടാണ് പിസിയുടെ പ്രതികരണങ്ങളിൽ നിന്ന് ഭാര്യയാണ് ഇടപെട്ടതെന്ന് വ്യക്തമായത്.

നിങ്ങൾ... ഫോൺ വച്ചിട്ട് പോകൂ.. മടുത്തു. താൻ ആരാ എന്ന് വരെ ചോദിച്ചു...-ഇങ്ങനെയൊക്കെയായിരുന്നു കേട്ട ദേഷ്യപ്പെടൽ. തന്നെ ആരും താനാരാ എന്ന് വിളിച്ചിട്ടില്ലെന്നും അതിനെല്ലാം മറുപടി കൊടുത്തുവെന്നും പിസിയും ലൈവിനിടെ ദേഷ്യപ്പെട്ട ഭാര്യയ്ക്ക് മറുപടിയും നൽകി. ഇതിനിടെ അത് പേഴ്‌സണൽ ടോക്കെന്ന് പറഞ്ഞ് പിസിയുടെ ശബ്ദം മ്യൂട്ട് ചെയ്ത് നാദിർഷായിലേക്ക് വീണ്ടും ചർച്ച കൊണ്ടു പോയി നികേഷ്.

ചുമ്മാ ഇരിക്ക അല്ലേ.... താങ്കൾ എന്തിനാണ് ഈ സിനിമാ വിഷയത്തിൽ ഇടപെടുന്നത്.....എന്നൊക്കെ നികേഷ് തന്റെ ഭർത്താവിനെ വിശേഷിപ്പിച്ചതാണ് പിസിയുടെ ഭാര്യയെ പ്രകോപിപ്പിച്ചതെന്നാണ് മറുനാടന് ലഭിച്ച സൂചന. തൊട്ടടുത്ത ലൈവ് ചർച്ച കേട്ടു കൊണ്ടിരുന്ന പിസിയുടെ ഭാര്യ പെട്ടെന്ന് ലൈവ് നൽകുന്ന മുറിയിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വിഡീയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാഷ്ട്രീയത്തിൽ ഒരിക്കലും ഇടപെടുന്ന വ്യക്തിയായിരുന്നില്ല പിസി ജോർജിന്റെ ഭാര്യ ഉഷാ ജോർജ്. പിസി ജോർജിന് എന്നും കരുത്ത് പകരുന്ന ഭാര്യയുടെ വൈകാരിക ഇടപെടലായിരുന്നു ഇന്നലെ റിപ്പോർട്ടർ ടിവി ചർച്ചയ്ക്കിടെ ഉണ്ടായത്. വ്യക്തിപരമായ അപമാനിക്കുന്ന ചർച്ചകളിൽ പോകുന്നതിനെതിരായ അവരുടെ നിലപാട് വിശദീകരണം കൂടിയാണ് ഭർത്താവിനോട് ഇന്നലെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.

'ഈശോ' എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ് നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികൾ കിട്ടികൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോൾ സിനിമകൾ കാണാൻ തുടങ്ങിയിരിക്കുന്നു.

കേരളത്തിൽ വലിയ സാംസ്‌കാരികമൂല്യങ്ങൾക്ക് വില കൽപിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം. ഇത് അനീതിയാണ്. നാദിർഷായെയും കൂട്ടരെയും ഞാൻ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എംഎ‍ൽഎ അല്ലാത്തതിനാൽ ഇപ്പോൾ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ. നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഈ പേരിൽ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുമില്ല. കേരളം മുഴുവൻ ഞാൻ ഇറങ്ങും- ഇതാണ് ഈ വിഷയത്തിൽ പിസി മുമ്പ് പറഞ്ഞിരുന്നത്.

ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ഇശോ. ചിത്രത്തിന്റെ പേരിനെതിരേയും ടാഗ്ലൈനെതിരേയും ചില ക്രിസ്തീയ സംഘടകൾ രംഗത്ത് വ്ന്നിരുന്നു. തുടർന്ന് ചിത്രത്തിന്റെ പേരിനൊപ്പമുള്ള നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ ഒഴിവാക്കി. എന്നാൽ ഇത് കഥാപാത്രങ്ങളുടെ മാത്രം പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്നുമായിരുന്നു നാദിർഷയുടെ പ്രതികരണം.