റാവൽപിണ്ടി: സുരക്ഷാ പ്രശ്‌നം മുൻനിർത്തി പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് മടങ്ങിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയുക്ത ചെയർമാൻ കൂടിയായ മുൻ താരം റമീസ് രാജയുടെ നേതൃത്വത്തിലാണ് പാക്ക് ക്രിക്കറ്റ് ലോകം ന്യൂസീലൻഡിനെതിരെ രംഗത്തെത്തിയത്. റമീസ് രാജയ്ക്കു പുറമേ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് ഹഫീസ്, മുൻ താരങ്ങളായ ശുഐബ് അക്തർ, ഷാഹിദ് അഫ്രീദി തുടങ്ങിയവർ രംഗത്തെത്തി.

ന്യൂസീലൻഡുകാർ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ച റമീസ് രാജ, ഇനി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) വച്ചു കാണാമെന്ന് ന്യൂസീലൻഡിനെ വെല്ലുവിളിച്ചു. ന്യൂസീലൻഡ് പാക്കിസ്ഥാൻ ക്രിക്കറ്റിനെ കൊന്നുവെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ന്യൂസീലൻഡ് ടീം പര്യടനം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതായി അറിയിച്ചതിനു പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി ഇവർ രംഗത്തെത്തിയത്.

എന്തൊരു ദിവസമാണിത്. ഞങ്ങളുടെ കളിക്കാരുടെയും ആരാധകരുടെയും കാര്യമോർത്ത് വിഷമം തോന്നുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഒരു പരമ്പരയിൽനിന്ന് സ്വന്തം തീരുമാനത്തിൽ പിന്മാറുന്നത് നിരാശപ്പെടുത്തുന്നു. പ്രത്യേകിച്ചും അതേക്കുറിച്ച് ഒരു വാക്കു പോലും മുൻപ് പറയാതെ. ന്യൂസീലൻഡുകാർ ഏതു ലോകത്താണ് ജീവിക്കുന്നത്? ന്യൂസീലൻഡിനോട് പറയാനുള്ളത് ഞങ്ങൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വച്ച് അറിയിക്കും എന്നായിരുന്നു റമീസ് രാജയുടെ പ്രസ്താവന

ബാബർ അസം

അനാവശ്യമായി ടൂർണമെന്റ് നീട്ടിവച്ചത് തീർത്തും നിരാശപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ ചുണ്ടുകളിൽ വീണ്ടും പുഞ്ചിരി സമ്മാനിക്കാൻ കഴിയുന്ന പരമ്പരയായിരുന്നു ഇത്. പാക്കിസ്ഥാന്റെ സുരക്ഷാ ഏജൻസികളുടെ വിശ്വാസ്യതയിലും കഴിവിലും എനിക്ക് സമ്പൂർണ വിശ്വാസമുണ്ട്. അവർ എക്കാലവും ഞങ്ങളുടെ അഭിമാനമാണ്. പാക്കിസ്ഥാൻ സിന്ദാബാദ്.'

ഷാഹിദ് അഫ്രീദി

പാക്കിസ്ഥാൻ നൽകിയ എല്ലാ ഉറപ്പുകളും മറന്ന് വ്യാജ ഭീഷണികളുടെ പേരിൽ നിങ്ങൾ പര്യടനം തന്നെ റദ്ദാക്കി. ന്യൂസീലൻഡ് ക്രിക്കറ്റ് ടീം, ഈ തീരുമാനത്തിന്റെ അനന്തരഫലം എന്താണെന്ന് നിങ്ങൾക്കറിയാമോ?'

ശുഐബ് അക്തർ

ന്യൂസീലൻഡ് പാക്കിസ്ഥാൻ ക്രിക്കറ്റിനെ കൊന്നുകളഞ്ഞിരിക്കുന്നു'

മുഹമ്മദ് ഹഫീസ്

പാക്കിസ്ഥാൻ സമ്പൂർണ സുരക്ഷയുള്ള, അഭിമാനമുള്ള രാജ്യമാണ്. പരമ്പര നീട്ടിവച്ചത് ഈ രാജ്യത്തെ വിഷമിപ്പിക്കുന്നു.