ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ. കോൺഗ്രസ്, സിപിഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്വ്വാദി പാർട്ടി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികൾക്ക് പിന്നാലെ വിവിധ ട്രേഡ് യൂണിയാൻ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ നാളെ ഉത്തരേന്ത്യ സ്തംഭിക്കുമെന്ന് ഉറപ്പായിരിക്കയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിൽ ചൊവ്വാഴ്ച പണിമുടക്കുണ്ടാകില്ലെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ഇക്കാര്യത്തിൽ ധാരണയിലെത്തി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

.കാർഷിക നിയമത്തിനെതിരെ കർഷകർ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ രംഗത്തെത്തി. സംഘടനാ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര സിംഗു ബോർഡറിലെത്തി നേരിട്ടാണ് കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.'ഞങ്ങളുടെ കീഴിലുള്ള എല്ലാ സംഘടനകൾക്കും കത്തെഴുതിയിട്ടുണ്ട്. കർഷകരുടെ ന്യായമായ സമരത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണയും നടക്കും', ശിവ് ഗോപാൽ പറഞ്ഞു.

സർക്കാർ എത്രയും വേഗത്തിൽ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.9 ലക്ഷത്തോളം അംഗങ്ങളുടെ റെയിൽവേ യൂണിയനാണ് ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ.നേരത്തെ ഭാരത് ബന്ദിന് പൂർണ്ണ പിന്തുണയുമായി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.നേരത്തെ ബുക്ക് ചെയ്ത കല്യാണവും മറ്റു പരിപാടികളുമെല്ലാം റദ്ദാക്കികൊണ്ടാണ് അസോസിയേഷനിൽ അംഗങ്ങളായ എല്ലാ സ്ഥാപനങ്ങളും കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്്.. ആ ദിവസം പഞ്ചാബിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും റിസോർട്ടുകളും ബാറുകളും തുടങ്ങി അസോസിയേഷന് കീഴിലുള്ള ഒരു സംസ്ഥാപനവും തുറന്നു പ്രവർത്തിക്കില്ലെന്നാണ അവർ അറിയിച്ചിട്ടുള്ളത്.

നേരത്തെ തന്നെ ഭാരത് ബന്ദിന് പിന്തുണയുമായി ട്രാൻസ്‌പോർട്ട് സംഘടനകൾ രംഗത്തെത്തിയിരുന്നു. ഡൽഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷനുമാണ് കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.'ഒരച്ഛന്റെ രണ്ട് മക്കളെപ്പോലെയാണ് കൃഷിയും ഗതാഗതവും. ഭാരത് ബന്ദിന് 51 ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും', ഇന്ത്യാ ടൂറിസ്റ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ പ്രസിഡണ്ട് സതീഷ് സെഹ്‌റാവത് പറഞ്ഞു.

തങ്ങളുടെ ബിസിസനിന്റെ വേരുകളാണ് കർഷകരെന്നായിരുന്നു ഡൽഹി ചരക്ക് ഗതാഗത അസോസിയേഷൻ പ്രസിഡണ്ട് പർമീത് സിങ് പറഞ്ഞത്. സമരം ചെയ്യുന്നവർ തങ്ങളുടെ സഹോദർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ കർഷക സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം ടി.സി) അറിയിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഡിസംബർ എട്ടിന് പണിമുടക്കുമെന്നും എ.ഐ.എം ടി.സി അറിയിച്ചിട്ടുണ്ട്.

'ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ അവസാനിപ്പിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങൾ പണിമുടക്കും', എ.ഐ.എം ടി.സി പ്രസിഡണ്ട് കുൽതരാൻ സിങ് അത്വാൽ പറഞ്ഞു. കർഷകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം ടി.സി പ്രസ്താവനയിൽ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എ.ഐ.എം ടി.സി പറഞ്ഞു.