ന്യൂഡൽഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതിൽ വലിയ തോതിൽ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സർക്കാർ. പകുതിയോളം ജില്ലകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയായെന്നും റിപ്പോർട്ട്.

'രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാണ്. 145 ജില്ലകളിൽ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.' ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് ഒരു പ്രദേശത്ത് തുടർച്ചയായി രണ്ടാഴ്ചകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയെങ്കിലും തുടർച്ചയായി അഞ്ചു ശതമാനത്തിൽ താഴെയാണെങ്കിൽ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം.

ഏപ്രിൽ ആദ്യ വാരത്തിൽ ഇന്ത്യയിലെ 200 ൽ താഴെ ജില്ലകളിൽ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിൽ. ഏപ്രിൽ അവസാനത്തോടെ ഇത് 600 ജില്ലകളായി ഉയർന്നു.

'നമ്മൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങൾ എളുപ്പമാക്കി. എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ല. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മൾ കണ്ടെത്തേണ്ടതുണ്ട്, അത് വളരെ ക്രമേണയും വളരെ സാവധാനത്തിലും ചെയ്യേണ്ടതാണ്'. ഭാർഗവ പറഞ്ഞു.

കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നൽകി പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

1,32,788 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,83,07,832 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,61,79,085 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,35,102 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,93,645 ആയി കുറഞ്ഞു. 21,85,46,667 പേരെ വാക്സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂൺ 1 വരെ 35,00,57,330 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 20,19,773 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.