കണ്ണൂർ: വയറു വേദന മൂലം സ്ഥിരമായി ആശുപത്രിയിലെത്തിയതിനെ തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് തളിപ്പറമ്പിലെ പതിമൂന്നുകാരി ഗർഭിണിയാമെന്ന വിവരം അറിയുന്നത്. കണ്ണൂരിലെ ഒരു ആശുപത്രിയിലാണ് പെൺകുട്ടിയുമായി ഉമ്മ ചികിത്സക്കായി എത്തിയത്. വയറുവേദന വിട്ടുമാറാത്തതിനെ തുടർന്ന് നടത്തിയ സ്‌കാനിങ് റിപ്പോർട്ടിലാണ് ആറുമാസം ഗർഭിണിയാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം തൊട്ടടുത്തുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.

വനിതാ എസ്‌ഐയുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഈ സമയം ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് ഡോക്ടറും പെൺകുട്ടിയുടെ ബന്ധുക്കളും മാറി മാറി ചോദിക്കുന്നുണ്ടായിരുന്നു. കരയുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നീട് വനിതാ എസ്‌ഐ പെൺകുട്ടിയോട് സംസാരിക്കുകയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ഒരു പേപ്പറിൽ പത്താംക്ലാസ്സുകാരനായ ബന്ധുവിന്റെ പേര് എഴുതി കാണിച്ചത്.

അപ്പോൾ തളിപ്പറമ്പ് ഡി.വൈ.എസ്‌പിയോട് വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ചൂണ്ടിക്കാട്ടിയ പത്താംക്ലാസ്സുകാരൻ നന്നേ ചെറിയ കുട്ടിയാണെന്നും അവനത് ചെയ്യാൻ വഴിയില്ല എന്നും പെൺകുട്ടിയുടെ ഉമ്മയും മറ്റ് ബന്ധുക്കളും പറയുന്നുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴി അനുസരിച്ച് തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. അന്ന് രാത്രിയിൽ പെൺകുട്ടി തന്റെ പിതാവാണ് ഗർഭത്തിനുത്തരവാദി എന്ന് ഉമ്മയോടും ബന്ധുക്കളോടും പറയുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ ഇക്കാര്യം അറിയിക്കുകയും വീണ്ടും പെൺകുട്ടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തു

അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്നും ആറു മാസം ഗർഭിണിയാണെന്ന വിവരം ഗൾഫിലുള്ള പിതാവിന് അറിയാമായിരുന്നു എന്നും പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു. ലോക് ഡൗൺ സമയത്ത് നാട്ടിലുണ്ടായിരുന്ന ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇത് ബന്ധുവായ പത്താം ക്ലാസ്സുകാരന്റെ തലയിൽ കെട്ടിവെക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. ഗർഭിണിയാക്കിയ ശേഷം ബന്ധുവായ പത്താം ക്ലാസുകാരന്റെ തലയിൽ കെട്ടിവെച്ച് വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.

പിതാവിന്റെ ഭീഷണിയെ തുടർന്ന് പെൺകുട്ടി പത്താം ക്ലാസ്സുകാരന്റെ പേര് പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് പെൺകുട്ടി തന്നെ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതോടെ മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനിൽ കെട്ടിവയ്ക്കാനുള്ള പിതാവിന്റെ ശ്രമം പൊളിയുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാൾ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.

പിതാവ് മെനഞ്ഞ കള്ള കഥയാണ് പൊലീസിന് മുന്നിൽ പെൺകുട്ടി ആദ്യം അവതരിപ്പിച്ചത്. 2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുയർത്തിയിരുന്നു.

വനിതാ എസ്‌ഐ പെൺകുട്ടിയോട് ആരാണ് കാരണക്കാരനെന്ന് കൃത്യമായി പറയണമെന്നും അല്ലെങ്കിൽ ഡി.എൻ.എ പരിശോധന നടത്തി യഥാർത്ഥ ഉത്തരവാദിയെ കണ്ടെത്തുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം മനസ്സിൽ കിടന്നതു കൊണ്ടാവാം പെൺകുട്ടി ഒടുവിൽ സത്യം പുറത്തു പറഞ്ഞത്. പൊലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി നൽകി.

അതേ സമയം പിതാവാണോ കൗമാരക്കാരനാണോ യഥാർത്ഥ ഉത്തരവാദി എന്നത് ഇപ്പോൾ വെളിപ്പെടുത്താനാവില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ മറുനാടനോട് പ്രതികരിച്ചത്. പിതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും പിതാവ് സഹകരിച്ചില്ലെങ്കിൽ കോടതിയുടെ അനുമതിയോടെ ഡി.എൻ.എ പരിശോധന നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായപ്പോൾ പിതാവാണ് ഉത്തരവാദി എന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കാമുകനാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ കൃത്യമായി തെളിവു കിട്ടിയതിന് ശേഷം മാത്രമേ ആരാണ് കുറ്റക്കാരനെന്ന് പറയാനാകൂ എന്നും സിഐ വ്യക്തമാക്കി.