ന്യൂഡൽഹി: പെഗസ്സസ് ഫോൺചോർത്തൽ വിവാദത്തിൽ ദേശീയ തലത്തിൽ സർക്കാറിനെതിരെ ഐക്യം രൂപംകൊള്ളുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പ്രമുഖ പ്രതിപക്ഷ കക്ഷികൾ എല്ലാം തന്നെ പങ്കെടുത്തത് പുതിയ ഐക്യരൂപീകരണത്തിന്റെ കാഹളമായി മാറി. കടുത്ത വിമർശനത്തിനിടയാക്കിയ പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ മോദി സർക്കാർ തികഞ്ഞ പ്രതിരോധത്തിലാണ്.

സർക്കാറിനെതിരായ നയ രൂപവത്കരണത്തിന് 14 പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഫോൺ ചോർത്തലിനിരയായ രാഹുൽ ഗാന്ധിയും പങ്കെടുത്തു. ശിവസേന, സിപിഐ, സിപിഎം, രാഷ്ട്രീയ ജനത ദൾ, എ.എ.പി, ഡി.എം.കെ, മുസ്‌ലിം ലീഗ്, സമാജ്‌വാദി പാർട്ടി, കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികൾ എത്തിയ യോഗത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷത വഹിച്ചു.

പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തവരെന്ന് ആക്ഷേപിച്ച് പ്രതിപക്ഷത്തിനു മേൽ പഴിചാരാനാണ് സർക്കാർ ശ്രമമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. വിഷയത്തിൽ എല്ലാ കക്ഷികളുടെയും പ്രതിനിധികൾ ഉച്ചക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. ചൊവ്വാഴ്ച ലോക്‌സഭയിലെ പ്രതിപക്ഷ കക്ഷികളുടെ യോഗവും കോൺഗ്രസ് വിളിച്ചുചേർത്തിരുന്നു. പെഗസസ്, കർഷക പ്രക്ഷോഭം എന്നീ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ഏഴു കക്ഷികൾ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പെഗസസ് വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പെഗസ്സസ് ഫോൺ ചോർത്തലിനെക്കുറിച്ച് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപി. ശശി തരൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെഗസ്സസിനെക്കുറിച്ച് കേന്ദ്രസർക്കാർ ചർച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാർഥമായ രാഷ്ട്രീയതാത്പര്യങ്ങൾക്കു വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ പിടിച്ചുപറിക്കുകയാണെന്നും തരൂർ പറഞ്ഞിരുന്നു.

രണ്ട് കേന്ദ്ര മന്ത്രിമാരുൾപ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോൺ പെഗസ്സസ് ഉപയോഗിച്ച് ചോർത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കൾ, ബ്യൂറോക്രാറ്റുകൾ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകൾ ചോർത്തപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇസ്രഈൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർകമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയർ പ്രോഗ്രാമാണ് പെഗസ്സസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, വന്നതും അയച്ചതുമായ മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷൻ തുടങ്ങി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും. ാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസ്സസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗസ്സസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ, ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം.