കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർത്തിയാകുന്നതിനു മുൻപ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി അമേരിക്ക. എഴു കുട്ടികൾ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടവർ ഐഎസ് ഭീകരർ ആയിരുന്നില്ലെന്നും അത് കുട്ടികളും സാധാരണക്കാരുമായിരുന്നുവെന്നും അമേരിക്ക പ്രതികരിച്ചു.

ഐഎസ് ഭീകരർ എന്നു കരുതിയാണ് സന്നദ്ധപ്രവർത്തകനെയും കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണു കുറ്റസമ്മതം.

'ആക്രമണം ദുരന്തപൂർണമായ ഒരു അബദ്ധമായിരുന്നു'വെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ഫ്രാങ്ക് മെക്കൻസി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മെക്കൻസി, ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 29നായിരുന്നു ഡ്രോൺ ആക്രമണം. സമേയരി അക്മദി കാറിന്റെ ഡിക്കിയിൽ വെള്ളം നിറച്ച കാനുകൾ കയറ്റുമ്പോൾ നിരീക്ഷണ ഡ്രോൺ അത് സ്ഫോടകവസ്തുക്കളാണെന്നു തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്. ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അമേരിക്കൻ കമ്പനിക്കു വേണ്ടി പ്രവർത്തിച്ചിരുന്ന എൻജിനീയറാണെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂട്രിഷൻ ആൻഡ് എജ്യുക്കേഷൻ ഇന്റർനാഷനൽ എന്ന സന്നദ്ധ സംഘടനയിൽ ജോലി ചെയ്തിരുന്ന സമെയ്‌രി അക്മദി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്.

കാബൂൾ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താൻ ഒരുങ്ങുകയായിരുന്ന ഐഎസ് ഖൊറസാൻ അംഗങ്ങളെയാണ് ഓഗസ്റ്റ് 29ന് ഡ്രോൺ ആക്രമണത്തിൽ വധിച്ചതെന്നായിരുന്നു യുഎസ് അറിയിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് അമേരിക്കയുടെ ഏറ്റുപറച്ചിൽ. ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളിൽ എത്തിച്ച ശേഷം വൈകിട്ട് 4.50ന് വിമാനത്താവളത്തിനു സമീപത്തുള്ള വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഡ്രോണിൽ നിന്ന് ഹെൽഫയർ മിസൈൽ അദ്ദേഹത്തിനു നേരെ തൊടുത്തതെന്നും പത്രം റിപ്പോർട്ട് വ്യക്തമാക്കുന്നു. സെമായരി വന്നതറിഞ്ഞ് അദ്ദേഹത്തിന്റെ കാറിന് അടുത്തേക്ക് എത്തിയ ഏഴ് കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാണെന്ന് വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ച് ഏതാനും നാളുകൾക്ക് ഉള്ളിൽ തന്നെയാണ് അമേരിക്കൻ കുറ്റസമ്മതം.