കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസ അറിയിച്ച പ്രധാനമന്ത്രിക്ക് പൊങ്കാലയുമായി മലയാളികൾ. കേരളത്തെകുറിച്ചുള്ള പഴയ സോമാലിയൻ പരാമർശം ഉയർത്തിയാണ് നിരവധി പേർ പ്രധാനമന്ത്രിയുടെ ട്വീറ്റിനെതിരെ വിമർശനം ഉയർത്തുന്നത്. മോദിയുടെ ട്വീറ്റിനെതിരെ 'സോമാലിയൻ പരാമർശം' ഉയർത്തി നിരവധി പേരാണ് ട്രോളുമായി രംഗത്ത് എത്തിയത്.

കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്ക് പ്രാർത്ഥിക്കുന്നു, ഇന്ത്യയുടെ വളർച്ചയ്ക്കായി സംസ്ഥാനം നൽകിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ട്വിറ്ററിൽ മലയാളത്തിലായിരുന്നു മോദി ആശംസ കുറിച്ചത്. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു. ഇന്ത്യയുടെ വളർച്ചക്ക് ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ച് കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.- രണ്ട് ട്വീറ്റുകളിലായി മോദി കുറിച്ചത്.

സോമാലിയയെ കുറിച്ചാണോ, ഉയർന്ന വിദ്യാഭ്യാസ നിലവാരം കാരണം ബിജെപി പച്ച പിടിക്കാത്ത എന്റെ സുന്ദര കേരളം തുടങ്ങിയ പരാമർശങ്ങളാണ് ട്വീറ്റിന് മറുപടിയായുള്ളത്. എന്നാൽ ആശംസക്ക് നന്ദി അറിയിച്ചും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. നേരത്തേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു കേരളത്തിൽ സോമാലിയക്ക് സമാനമായ സാഹചര്യമാണെന്ന് മോദി പറഞ്ഞത്.