കണ്ണൂർ: പേരാവൂർ ചിട്ടിതട്ടിപ്പിൽ നിക്ഷേപകരുടെ പണം തിരിച്ചു നൽകാനുള്ള നടപടികൾ കൈകൊള്ളാതെ സിപിഎം ജില്ലാനേതൃത്വം തലയൂരുന്നതായി പണം നഷ്ടപ്പെട്ടവരുടെ പരാതി. തങ്ങൾ നിക്ഷേപകരുടെ കൂടെയാണെന്നും അവർക്കു നഷ്ടപ്പെട്ട പണം തിരിച്ചു നൽകുന്നതിനായി പാർട്ടി നടപടി സ്വീകരിക്കുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പലതവണ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ കുടിശിക പിരിക്കാനുള്ള ചെറിയ ശ്രമങ്ങൾ നടക്കുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ആരോപണവിധേയമായ സഹകരണസംഘത്തിന്റെ ആസ്തിവിറ്റുകൊണ്ട് നിക്ഷേപകരുടെ ബാധ്യത തീർക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും പാഴായിരിക്കുകയാണ്. പാർട്ടി കണ്ണൂർ ജില്ലാസമ്മേളനം കഴിഞ്ഞാൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നു ഉറപ്പുനൽകിയ ജില്ലാനേതൃത്വം ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്. ഇതോടെ വീണ്ടും സമരമാരംഭിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഇതിനിടെ കഴിഞ്ഞ ദിവസം ചിട്ടിതട്ടിപ്പിൽ ആരോപണവിധേയരായ പാർട്ടി നേതാക്കൾക്കെതിരെ ജില്ലാനേതൃത്വം നടപടി സ്വീകരിച്ചിട്ടുണ്ട്. സഹകരണസംഘം മുൻ ഭരണസമിതി പ്രസിഡന്റിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയിട്ടുണ്ട്. മുൻ നെടുംപോയിൽ ലോക്കൽ സെക്രട്ടറി കെ പ്രിയനെയാണ് കറ്റിയാട് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയത്. നിലവിലെ പ്രസിഡന്റും ലോക്കൽ സെക്രട്ടറിയുമായ ജിനീഷ്. ഏരിയ കമ്മിറ്റി അംഗം കെ സുധാകരൻ എന്നിവരടക്കം അഞ്ചു പേർക്ക് പരസ്യ ശാസനയും നൽകിയിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പേരാവൂർ ഏരിയാ നേതൃത്വം നടപടി സ്വീകരിച്ചത്. സിപിഎം ഭരിക്കുന്ന കണ്ണൂർ പേരാവൂർ സഹകരണ സംഘത്തിലെ ചിട്ടി തട്ടിപ്പിൽ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈട് വാങ്ങാതെ വായ്പകൾ അനുവദിച്ചതാണ് ബാധ്യതക്ക് കാരണമായത്. തിരിച്ചടവ് ശേഷി നോക്കാതെ വായ്പ അനുവദിക്കുകയും ചെയ്തിരുന്നു. ചിട്ടിതട്ടിപ്പിനെതിരെ നിക്ഷേപകർ നിരാഹാരസമരമടക്കം നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ പണം തിരിച്ചു നൽകാതെ കുറ്റക്കാർക്കെതിരെ ശാസനയിൽ മാത്രം നടപടി ഒതുക്കി വിഷയത്തിൽ നിന്നും തടിയൂരുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നതെന്നു നിക്ഷേപകരുടെ പരാതി